ആഗോള കസേരസംഗമങ്ങൾ
Friday, September 26, 2025 12:10 AM IST
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
മേനാശേരി മന... രാവിലെ മുതല്‍ കാരണവര്‍ അസ്വസ്ഥനായി തെക്കുവടക്ക് ഉലാത്തുന്നു. ആരോ വരാനുള്ളതുപോലെ ഇടയ്ക്കിടെ പുറത്തേക്കു നോക്കുന്നു. ഇതു പതിവില്ലാത്തതാണ്. സാധാരണ എല്ലാവരും മേനാശേരി മനയിലേക്കു ചെന്നാണ് മുഖം കാണിക്കാറുള്ളത്. ഖദറിട്ടവരും കളറിട്ടവരും നാടനും മറുനാടനുമൊക്കെ ക്യു നിൽക്കാനെത്തുന്ന മന. ചുരുട്ടിപ്പിടിച്ച തോൾസഞ്ചിയുമായി പെട്ടെന്നൊരാൾ ഒാടിക്കിതച്ചെത്തി.
“താന്‍ ഇതുവരെ എവിടെയായിരുന്നു?” അക്ഷമയോടെ കാർന്നോരുടെ ചോദ്യം.
“ഒന്നും പറയേണ്ട സാറേ... നമ്മുടെ ആയുധം കവടി രാവിലെ കൊച്ചുമക്കള്‍ ഉരുട്ടിക്കളിക്കാന്‍ കൊണ്ടുപോയി. ഉരുട്ടാൻ മൊബൈല്‍ ഫോണ്‍ തരാമെന്നു പറഞ്ഞ് ഒരു വിധത്തില്‍ പിടിച്ചുമേടിച്ചുകൊണ്ടു വരികയാ.”
“എന്തായാലും കിടന്നുരുളാതെ താൻ കവടി ഉരുട്ടാന്‍ നോക്ക്.”
തിരുവനന്തപുരത്തേക്കു ദിശ നോക്കി കവടിക്കാരൻ ഒറ്റ ഇരുപ്പ്. പിന്നെ പലകയിൽ കവടിയുടെ പലവിധ സംഗമങ്ങൾ. ആ മുഖത്തു വിരിയുന്ന ഏതാനും രസങ്ങൾ അത്ര രസമില്ലാതെ വീക്ഷിച്ചുകൊണ്ടുനിൽക്കുകയാണ് കാരണവർ. ഏതാനും മിനിറ്റുകൾ നീണ്ട ഭാവസംഗമത്തിനൊടുവിൽ കവടിക്കാരൻ മുഖമുയർത്തി.
“സാറേ ആ കസേര നമ്മുടെ ഏരിയ വിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. പറവൂർ പ്രദേശത്താണ് ഇപ്പോൾ കസേര കറങ്ങിനിൽക്കുന്നത്. അവിടെ ഉറച്ചുപോയാൽ പിന്നെ ഇളക്കാൻ ആർക്കും കഴിയില്ല.”
“അപ്പോൾ നമ്മൾ കസേരയിൽ വയ്ക്കാനൊരുക്കിയ ചെന്നിനായകം പുരട്ടിയ തല എവിടെപ്പോയി?”
“അതിപ്പോള്‍ തലയല്ലാത്തതെല്ലാം അളയിലായി എന്ന അവസ്ഥയില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്.”
“കറങ്ങുന്ന തലകൂടി അളയിലാക്കാന് എന്തെങ്കിലും വഴിയുണ്ടോ?”
“ഇത്തിരി കടുത്ത പ്രയോഗം വേണ്ടിവരും. ആഗോള സംഗമക്രിയ എന്നൊരു പ്രതിവിധിയുണ്ട്. ഇതുവരെ ആരും ചെയ്യാത്ത കര്‍മമാണ്. പക്ഷേ, അതു നമുക്കുതന്നെ ചെയ്യാന്‍ കഴിയില്ല. നാടിന്റെ നാനാദിക്കില്‍നിന്നു മന്ത്രവാദികളെ വരുത്തേണ്ടിവരും. കാശിത്തിരി പൊടിയും. കണ്ണൂരുള്ള ഒരു എഐ മന്ത്രവാദി ഇത്തരം കര്‍മങ്ങള്‍ ചെയ്യുന്നതില്‍ വിദഗ്ധനാ.” ഇതു കേട്ടതും കാരണവരുടെ ആകാംക്ഷ കൂടി.
“ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് ട്രെയിൻ പോലും ഒറ്റ അപ്പം കാണിച്ചു നിര്‍ത്തിക്കാന്‍ കഴിവുള്ള മഹാതന്ത്രശാലി. എണ്ണതേച്ചു പരത്തിയ പത്തു തലയാ ആളിന്. തനി രംഗണ്ണന്!”
“എങ്കില്‍ പുള്ളിയെ വിളിച്ചാലോ?”
“വിളിച്ചാല്‍ വരുമോയെന്നറിയില്ല. നമുക്ക് അങ്ങോട്ടു ചെല്ലേണ്ടിവരും.”
“അതിനെന്താ, പോകണമെങ്കില്‍ പോകണം. കക്ഷത്തിലുള്ള തല പോകാതെ വേണമല്ലോ കസേരയിലുള്ളത് എടുക്കാന്‍. താൻ ബാക്കികൂടി നോക്ക്. ഞാനൊന്നു വിളിച്ചുനോക്കട്ടെ.”
കാര്ന്നോര് മൊബൈല്‍ ഫോണിൽ തോണ്ടി അകത്തേക്കു നടന്നു. കവടിക്കാരന്‍ കവടിയില്‍ തോണ്ടി അടുത്ത അസൈന്മെന്റിലേക്കു തല പൂഴ്ത്തി.
രണ്ടു മിനിറ്റ് കഴിഞ്ഞതേ കാരണവര്‍ സൂപ്പർ ഫാസ്റ്റ് പോലെ തിരികെ വന്നു.
“കിട്ടിയെടോ കിട്ടി. അവർക്കു സന്തോഷം. വെറും സന്തോഷമല്ല ‘ബഹു’സന്തോഷം. മാത്രമല്ല, കസേരപ്രശ്നത്തില് അവരൊരു ആഗോള സംഗമക്രിയ നടത്താന്‍ മന്ത്രവാദികളെ തേടിക്കൊണ്ടിരിക്കുകയായിരുന്നത്രേ. പൂരം പോലെ കലക്കിയേക്കാമെന്നാ പുള്ളി പറഞ്ഞത്. പക്ഷേ, ഒരു പ്രശ്നമുണ്ട്. നമ്മള് തനിയെ ചെന്നാല്‍ പറ്റില്ലത്രേ. ചേരാത്തല ഭാഗത്ത് എവിടെയോ ഒരു കൊടുംമന്ത്രവാദി ഉണ്ടത്രേ. പുള്ളിയുടെ തന്ത്രമന്ത്രങ്ങള്‍ ബഹുകേമമെന്നാണ് ‘എഐ തന്ത്രി’ പറഞ്ഞത്. മൈക്രോതന്ത്ര വിധികളില്‍ അഗ്രഗണ്യനാണത്രേ. പക്ഷേ, ഒരു കുഴപ്പമുണ്ട്. പണ്ട് നമുക്കിട്ടൊരു ക്ഷുദ്രകര്‍മം ചെയ്ത ആളാ. അതുകൊണ്ടു കുറേക്കാലമായി വലിയ അടുപ്പമില്ല. എന്തു പറയുമോയെന്തോ?”
“സാറേ ഞാനൊന്നു വിളിച്ചുനോക്കാം. ഞാനാണ് അവിടത്തെയും കൺസൾട്ടന്റ്.”
കവടിക്കാരന്‍ ഫോണെടുത്തു കുത്തി. എന്നിട്ടൊരു ആത്മഗതം. “ചെവി വട്ടം പിടിച്ചു നില്‍ക്കണം. അല്ലെങ്കില്‍ പറയുന്നതു കിട്ടില്ല. വര്‍ത്തമാനം ‘നാരിയല്‍ കാ പാനി’ പോലെയാ.
പതഞ്ഞങ്ങു പൊങ്ങും.”
“ഹലോ... ഇതു ഞാനാ. ആശാനെ ഒന്നുകിട്ടുമോ? ഓ ശരി ശരി. മേനാശേരി മനയിലെ സാറ് വിളിച്ചെന്നൊന്നു പറഞ്ഞേക്കണം.”
“സാറേ, പുള്ളി ഇന്നു ചീത്ത വിളിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കിക്കൊണ്ടിരിക്കുവാ. അതുകഴിഞ്ഞു വിളിക്കാമെന്ന്.”
അല്പം കഴിഞ്ഞതും മൊബൈല്‍ ഫോൺ ചിലച്ചു. കവടിക്കാരന്‍ ഫോണ്‍ കാർന്നോർക്കു നീട്ടി. ആദ്യം സാദാ സ്ട്രീറ്റ് പോസ്റ്റിലെ ലൈറ്റുപോലെ നിന്ന കാർന്നോരുടെ മുഖം വൈകാതെ ഹൈമാസ്റ്റ് ലൈറ്റ് പോലെ കത്തി.
“ഇന്ത്യ-ചൈന വീണ്ടും ഭായി ഭായി...”അപ്പോള്‍ ഒരു പാട്ടുപാടി അവസാനിപ്പിക്കാം...
“സംഗമം സംഗമം ത്രിവേണീ സംഗമം കസേരപദമാടും യാമം ആഗോളസംഗമയാമം...”
മിസ്ഡ് കോൾ
ശബ്ദരേഖാ വിവാദം: ഡിവൈഎഫ്ഐ നേതാവിനെ തരം താഴ്ത്തി.
- വാർത്ത
ഇനി ശബ്ദം താഴ്ത്തി രേഖപ്പെടുത്താം.