ക്യാപ്*കാമ്പസ് പദ്ധതി മാതൃകാപരം: മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സമഗ്ര കാൻസർ ബോധവത്ക്കരണ പരിപാടിയായ ക്യാപ്*കാമ്പസ് പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വൻതോതിലാണ് കാൻസർ വ്യാപിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവരേയും കാൻസർ കീഴ്പ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം ഒട്ടേറെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും കാൻസർ രോഗം വർധിക്കുന്നതായാണ് ഓരോ പ്രദേശത്തേയും കണക്കുകൾ വെളിവാക്കുന്നത്. ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ രോഗം വർധിക്കുന്നതിനിടയാക്കി.

അമിതതോതിലുള്ള കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗവും രോഗത്തിനു കാരണമാകുന്നു.

പലപ്പോഴും കിട്ടുന്ന ഫാസ്റ്റ് ഫുഡിനു നല്ല രുചി ഉണ്ടെങ്കിലും ഇവയ്ക്കു പിന്നിൽ വലിയ തോതിലുള്ള ആപത്തുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള പുതുതലമുറയ്ക്ക് ഇക്കാര്യങ്ങളെക്കുറിച്ചു ബോധവത്കരണം നല്കുന്നതിന് ക്യാപ് അറ്റ് കാമ്പസ് പദ്ധതി സഹായകരമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നാടിന്റെ ഐശ്വര്യവും വളർച്ചയും ഭാവിയും നാം വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നു ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ മലങ്കര കത്തോലിക്കാ തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് അഭിപ്രായപ്പെട്ടു. പ്രകൃതി വിഭവങ്ങളോടു കാണിക്കുന്ന നിഷേധാത്മക നിലപാടു മനുഷ്യന്റെ നാശത്തിനു തന്നെ കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കാൻസറിനെതിരേ പോരാടാനുള്ള പ്രധാന ആയുധം ധൈര്യ വും ദൈവവിശ്വാസവുമാണെന്നു മുഖ്യപ്രഭാഷണം നടത്തിയ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം പറഞ്ഞു.

കുട്ടികൾക്കിടയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുവരുന്നതിലെ ഉത്ക്കണ്ഠയും അദ്ദേഹം പങ്കുവച്ചു.

സാമൂഹ്യപ്രതിബദ്ധതയെന്നാൽ ജീവകാരുണ്യമെന്നാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മേളം ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനം ഔദാര്യമല്ല, മറിച്ച് ഓരോ വ്യക്‌തിയുടേയും പ്രസ്‌ഥാനത്തിന്റെയും ബാധ്യതകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സിറിയക് മഠത്തിൽ, ഫാ. ബിനോ പട്ടർക്കളം സിഎംഐ, ഫാ. പോൾ താമരശേരി, ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ, ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ സിഎംഐ, റവ ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, ഫാ. ജോസഫ് ഈന്തംകുഴി സിഎംഐ, സർഗക്ഷേത്ര സെക്രട്ടറി വർഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ കൊല്ലം സ്വദേശിനി അജീഷാമോൾ തന്റെ മുടി കാൻസർ ബാധിതർക്ക് വിഗ് വയ്ക്കുന്നതിനായി മുറിച്ചു നല്കി. സിഡി പ്രകാശനം, പുസ്തക പ്രകാശനം, വെബ്സൈറ്റ് ഉദ്ഘാടനം എന്നിവയും ചടങ്ങിൽ നടന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...