മലബാർ മേഖല സെമിനാറിനു തുടക്കമായി
Saturday, August 27, 2016 12:35 PM IST
ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിവരുന്ന സമഗ്ര കാൻസർ ബോധവത്കരണ പരിപാടിയായ ക്യാപ് * കാമ്പസിന്റെ മലബാർ മേഖലയിലെ സെമിനാറുകൾക്ക് പൈസക്കരിയിൽ തുടക്കമായി. പൈസക്കരി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. സെബാൻ ഇടയാടിയിൽ ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പൈസക്കരി ദേവമാതാ ഫൊറോന വികാരി റവ. ഡോ. ജോസ് വെട്ടിക്കൽ ആമുഖപ്രഭാഷണം നടത്തി. ക്യാപ് * കാമ്പസ് സംസ്‌ഥാന കോ–ഓർഡിനേറ്റർ ടിനോ ടോമി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പൈസക്കരി ഫൊറോന സഹവികാരി ഫാ. ജോർജ് പടിഞ്ഞാറെ ആനിശേരിൽ, ഫൊറോന കോ–ഓർഡിനേറ്റർ വിത്സൺ ചാക്കോ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് പൈസക്കരി യൂണിറ്റ് പ്രസിഡന്റ് വർഗീസ് പള്ളിച്ചിറ, അതിരൂപത സെക്രട്ടറി ബേബി നെട്ടനാനി, പഞ്ചായത്ത് അംഗങ്ങളായ ബിനോയ് ആലിങ്കത്തടത്തിൽ, ആഗ്നസ വാഴപ്പള്ളിൽ എന്നിവർ പങ്കെടുത്തു.
പൈസക്കരി ഇടവകയിലെ മുഴുവൻ സന്നദ്ധസംഘടനകളെയും സഹകരിപ്പിച്ച് കത്തോലിക്ക കോൺഗ്രസ് യൂണിറ്റാണ് സെമിനാറിന് നേതൃത്വം നൽകിയത്. കാൻസർ രോഗബാധയുടെ കാരണങ്ങൾ, ചികിത്സാരീതികൾ, തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് വീഡിയോചിത്രങ്ങളുടെ സഹായത്തോടെ കൊച്ചിൻ കാൻസർ സൊസൈറ്റി ഡയറക്ടറും പ്രമുഖ കാൻസർ ചികിത്സാവിദഗ്ധനുമായ ഡോ. വി.വി. ഗംഗാധരൻ ക്ലാസെടുത്തു.
23 വർഷം മുമ്പ് 14ാം വയസിൽ കാൻസർ ബാധയെ തുടർന്ന് ഡോ. ഗംഗാധരന്റെ ചികിത്സയിലൂടെ സുഖംപ്രാപിച്ച പൈസക്കരി സ്വദേശിനിയായ യുവതി ഭർത്താവിനും കുഞ്ഞിനുമൊപ്പം ചടങ്ങിനെത്തിയിരുന്നു.