കാൻസറിനെ നേരിടാൻ മരുന്നിനേക്കാൾ ആവശ്യം മനഃശക്‌തി: ഡോ. വി.പി. ഗംഗാധരൻ
Saturday, August 27, 2016 12:42 PM IST
ആലപ്പുഴ: കാൻസർ മാരകരോഗമല്ലെന്നും അതിനെ ഭയത്തോടെ അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും കാൻസർ രോഗചികിത്സാ രംഗത്തെ പ്രമുഖനായ ഡോ. വി.പി. ഗംഗാധരൻ. രോഗികൾക്കു മരുന്നിനെക്കാളുപരി മനഃശക്‌തിയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൻസർ എന്ന വലിയ വിപത്തിനെതിരെ ദീപിക ദിനപ്പത്രവും സർഗക്ഷേത്രയും മേളം ചാരിറ്റി ഫൗണ്ടേഷനും സംയുക്‌തമായി കൊച്ചിൻ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കാപ് അറ്റ് കാമ്പസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ആലപ്പുഴ എസ്ഡി കോളജിൽ കാൻസർ ബോധവത്കരണ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
വിവിധ കാൻസർ രോഗങ്ങളെ കുറിച്ചും രോഗം തടയാനുള്ള മാർഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എസ്ഡി കോളജ് എൻഎസ്എസ് യൂണിറ്റിന്റെ കൂടി സഹകരണത്തോടെ ജൂബിലി ഓഡിറ്റോറിയത്തിൽ നടത്തിയ കാപ് അറ്റ് കാമ്പസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ചില രോഗങ്ങളെ പൂർണമായും നിയന്ത്രിക്കാനാകില്ലെന്നതാണ് അവസ്‌ഥയെന്നു പറഞ്ഞ മന്ത്രി പണ്ട് ക്ഷയവും കുഷ്ഠവും പോലുള്ള മാരക അസുഖങ്ങളുണ്ടായിരുന്നയിടത്തേക്കു ഇന്ന് കാൻസർ പോലുള്ളവ എത്തിയിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
അന്തരീക്ഷം തന്നെ പൂർണമായും വിഷമയമാകുമ്പോൾ അസുഖങ്ങളും ഏറിവരുന്നു.
സേവനംപോലും മറന്നുപോകുന്ന സമൂഹത്തിലാണ് നാമിന്നു നിൽക്കുന്നത്. അധികാരഗർവും സമ്പത്തിന്റെ അഹങ്കാരവും നിയമലംഘനത്തിന്റെ സ്വഭാവവുമായി സമൂഹം മുന്നോട്ടുപോകുന്ന ഈ സാഹചര്യത്തിൽ ഇത്തരം പരിപാടികളുമായി സമുഹത്തെ ശുശ്രൂഷിക്കുന്നതു തന്നെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡി കോളജ് മാനേജർ ജെ. കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ പ്രോജക്ട് അവതരിപ്പിച്ചു.
എസ്ഡി കോളജ് പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യരും മാനേജർ ജെ. കൃഷ്ണനും ധനസഹായവിതരണവും വൈസ്പ്രിൻസിപ്പൽ ഡോ. ജൂബിലി നവപ്രഭ വിഗ് വിതരണവും നടത്തി. കൊച്ചി കാൻസർ സൊസൈറ്റി സെക്രട്ടറി നാരായണൻപോറ്റി, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. പി. സുനിൽകുമാർ, എസ്ഡി കോളജ് പിടിഎ പ്രസിഡന്റ് ഡോ. എസ്. അജയകുമാർ, എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫീസർ ഡോ. ടി.ആർ. അനിൽകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രഫ. കെ.എസ്. വിനീത്ചന്ദ്ര തുടങ്ങിയവർ പ്രസംഗിച്ചു.