കാൻസർ രോഗികൾക്കു വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി കോളജ് വിദ്യാർഥിനികൾ മാതൃകയായി. കാൻസർ വിപത്തിനെതിരേ ദീപിക ദിനപത്രവും സർഗക്ഷേത്രയും മേളം ചാരിറ്റി ഫൗണ്ടേഷനും സംയുക്‌തമായി കൊച്ചിൻ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കാപ്*ക്യാമ്പസ് പദ്ധതിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചു എസ്.ഡി. കോളജ് ജൂബിലി ഹാളിൽ നടന്ന പരിപാടിക്കിടെയാണ് കോളജിലെ എൻഎസ്എസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരടക്കം അഞ്ച് പെൺകുട്ടികൾ തങ്ങളുടെ മുടി മുറിച്ചു നല്കിയത്.

നാല്പതോളം പേർ ഇതിനു സന്നദ്ധരായി രംഗത്തു വന്നെങ്കിലും 38 സെന്റീമീറ്റർ വീതം മുടി മുറിച്ചു നല്കാൻ കഴിയുമായിരുന്ന അഞ്ചുപേരിൽ നിന്നാണ് ഇതു സ്വീകരിച്ചത്. കോളജ് വിദ്യാർഥിനികളായ ജനീറ്റ കുരുവിള, ഷീജ, കാർത്തിക വിനു, ഹരിത കൃഷ്ണ, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു വിദ്യാർഥിനി എന്നിവരാണ് മുടി മുറിച്ചു നല്കിയത്.


വീട്ടുകാരിൽ നിന്നുപോലും ഉണ്ടായ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് ഇവരിൽ പലരും മുടി നല്കിയതെന്ന് സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐയും കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രഫ. കെ.എസ്. വിനീത് ചന്ദ്രയും ദീപികയോടു പറഞ്ഞു. കാൻസർ രോഗികളോടുള്ള വിദ്യാർഥി സമൂഹത്തിന്റെ അനുഭാവ പൂർണമായ സമീപനം കൂടിയാണിത്.

കോളജ് വൈസ് പ്രിൻസിപ്പലും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പത്നിയുമായ ഡോ. ജൂബിലി നവപ്രഭ അടക്കമുള്ളവർ ഇത്തരമൊരു കൃത്യത്തിന്റെ മഹത്വത്തെക്കുറിച്ച് തങ്ങളുടെ പ്രസംഗത്തിലൂടെ ഉദ്ബോധിപ്പിച്ചിരുന്നു. തന്റെ മുടിക്കു അല്പംകൂടി നീളമുണ്ടായിരുന്നെങ്കിൽ അതു നല്കുമായിരുന്നെന്നും മോട്ടയടിച്ചു മുഴുവൻ മുടിയും നല്കാൻതന്നെ താൻ സന്നദ്ധയായിരുന്നെന്നും അവർ പറഞ്ഞു.