ക്യാപ്അറ്റ് കാമ്പസിന് പിന്തുണയുമായി ദയാബായിയും
Tuesday, October 4, 2016 10:52 PM IST
കോട്ടയം: കാൻസറിനെതിരേ കരുതലുമായി ദീപികയും സർഗക്ഷേത്രയും മേളം ചാരിറ്റീസും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്യാപ് അറ്റ് കാമ്പസിന് സജീവ പിന്തുണയോടെ പ്രശസ്ത സാമൂഹികപ്രവർത്തക ദയാബായിയും. കാൻസർ എന്ന വിപത്തിനെതിരേ കേരളത്തിലെ പുതുതലമുറയെ സജ്‌ജരാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലാകമാനമുള്ള കോളജുകളിലും സ്കൂളുകളിലുമാണ് വിവിധ ബോധവത്കരണ പരിപാടികൾ നടപ്പാക്കിവരുന്നത്.
ഇന്ന് ആലപ്പുഴ കാർമൽ എൻജിനിയറിംഗ് കോളജിൽ നട ക്കുന്ന ക്യാപ് അറ്റ് കാമ്പസ് പദ്ധതിക്ക് ദയാബായി നേതൃത്വം നൽകും. കേരളത്തിന്റെ തനിമയും സംസ്കാരവും നിലനിർത്തി പ്ലാസ്റ്റിക് നിർമാർജനത്തിലൂടെയും നല്ല ഭക്ഷണ വ്യായാമ ശീലങ്ങളിലൂടെയും ആരോഗ്യപൂർണമായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന സെമിനാറിലും ചർച്ചകളിലുമാണ് ദയാബായി നേതൃത്വം നൽകുക. ഫാ.അലക്സ് പ്രായിക്കളം, ഫാ.ബിജോ മറ്റപറമ്പിൽ തുടങ്ങിയവർ വിവിധ പരിപാടികൾക്കു നേതൃത്വം നൽകും.