കാൻസറിനെതിരേയുള്ള പോരാട്ടത്തിന് ആവേശം പകർന്ന് ദയാബായി
കാൻസറിനെതിരേയുള്ള പോരാട്ടത്തിന് ആവേശം പകർന്ന് ദയാബായി
ആലപ്പുഴ: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന കാൻസർ ബോധവത്കരണ പരിപാടിക്ക് ആവേശം പകർന്ന് പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി. ആലപ്പുഴ പുന്നപ്ര കാർമൽ എൻജിനിയറിംഗ് കോളജിൽ നടന്ന ക്യാപ്*കാമ്പസ് പരിപാടിയിലാണ് ദയാബായി വിദ്യാർഥികളുടെ മനം കവർന്നത്.

പതിറ്റാണ്ടുകളായി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ദയാബായിയുടെ ഓരോ വാക്കുകളും അതീവ ശ്രദ്ധയോടെയാണു വിദ്യാർഥികൾ കേട്ടിരുന്നത്. പ്രകൃതിയോടു ചേർന്നു ജീവിച്ചുകൊണ്ട് എങ്ങനെ കാൻസറിനെ പടിക്കുപുറത്തുനിർത്താമെന്നു ദയാബായി വിവരിച്ചു. കോളജിൽ ക്യാപ്*കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.

മലിനീകരിക്കപ്പെട്ട പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഭക്ഷണം നമ്മെ കാർന്നു തിന്നുന്ന കാൻസറാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രകൃതിക്കു വിരുദ്ധമായി എന്തുചെയ്താലും അതു മനുഷ്യനു ദോഷമാണുണ്ടാക്കുന്നത്. വിദ്യാസമ്പന്നരായ കേരളീയരുടെ ഇടയിൽ പോലും കാൻസർ വർധിക്കുന്നതും അതിനാലാണ്. ഭക്ഷണത്തിൽ രുചിക്കു മാത്രമാണ് ഇന്നു പ്രാധാന്യം നൽകുന്നത്. എന്താണു കഴിക്കേണ്ടതെന്നു നമ്മളാണു തീരുമാനിക്കേണ്ടത്. ജീവിതത്തോടു സ്നേഹമുള്ളവർ പ്രകൃതിയോടിണങ്ങി ജീവിക്കുകയാണു വേണ്ടത്. മാലിന്യങ്ങൾ നദികളിലേക്ക് ഒഴുക്കുന്ന സംസ്കാരം കേരളത്തിൽ കൂടുതലാണ്. ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളുന്നതു മനുഷ്യസംസ്കാരത്തിന് എതിരാണെന്നും അവർ കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിനു ശേഷം സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ദയാബായിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകി.


ചടങ്ങിൽ കോളജ് ഡയറക്ടർ ഫാ. ബിജോ മറ്റപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം പദ്ധതി അവതരണം നടത്തി. വുമൺ ഫോറം പ്രസിഡന്റ് റോസ് മാത്യു, കോളജ് പ്രിൻസിപ്പൽ പോൾ കെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാലയങ്ങളിൽ കാൻസർ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് Hatindia.com എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തോ 9446835013 എന്ന നമ്പറിലോ ബന്ധപ്പെട്ടാൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാമെന്നു സർഗക്ഷേത്ര അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.