ക്യാപ്@കാമ്പസ് കരുതലിന്റെ കരസ്പർശം: മന്ത്രി ചന്ദ്രശേഖരൻ
രാജപുരം(കാസർഗോഡ്): കാൻസറിനെതിരേ ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടപ്പിലാക്കുന്ന ക്യാപ്@കാമ്പസ് പദ്ധതി സുപ്രധാനമായ ചുവടുവയ്പും കരുതലിന്റെ കരസ്പർശവുമാണെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. ക്യാപ്@കാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ സന്ദേശയാത്രയുടെ സംസ്‌ഥാനതല ഉദ്ഘാടനം രാജപുരം സെന്റ് പയസ് ടെൻത് കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്കൂളുകളിലും കലാലയങ്ങളിലും സന്ദേശയാത്രയ്ക്കു വലിയ പിന്തുണ ലഭിക്കുമെന്നുറപ്പാണ്. പുതുതലമുറയിൽ ബോധവത്കരണമാണു നടക്കേണ്ടത്. ആധുനിക കാലത്തു മനുഷ്യന്റെ പ്രവർത്തന–ഭക്ഷണ ശീലങ്ങളുടെ അനന്തരഫലമായാണ് കാൻസർ പോലുള്ള മാരക രോഗങ്ങൾ പലപ്പോഴും എത്തുന്നത്. മാരക രോഗങ്ങളുടെ പിടിയിൽനിന്നു വിമുക്‌തമാകണമെങ്കിൽ സന്ദേശം ഉൾക്കൊണ്ടു വലിയ ദൗത്യം ഏറ്റെടുക്കണം. സർക്കാർ തലത്തിൽ മാത്രമല്ല വിവിധ സന്നദ്ധസംഘടനകളെ സഹകരിപ്പിച്ചും കാൻസർ ബോധവത്കരണത്തിനും രോഗികളുടെ തുടർചികിത്സയ്ക്കും സഹായം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചങ്ങനാശേരി സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐക്കു പതാക കൈമാറിയാണു മന്ത്രി സന്ദേശയാത്ര ഉദ്ഘാടനം ചെയ്തത്. വെറും പ്രദർശനമല്ല, കാൻസർ ബോധവത്കരണത്തിലൂടെ ദീപികയുടെ ആത്മാർഥ മുഖമാണു തെളിഞ്ഞിരിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് പറഞ്ഞു.

ഫാ. അലക്സ് പ്രായിക്കളം ആമുഖപ്രസംഗവും, രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണൻ, അംഗങ്ങളായ പി. ഗീത, എം.എം. സൈമൺ, പെണ്ണമ്മ ജയിംസ്, മിനി രാജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അബ്ദുൾ മജീദ്, വി.സി. ദേവസ്യ, ഇ.എൻ. ഭവാനിയമ്മ, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി കെ.ജെ. സജി കുരുവിനാക്കുന്നേൽ, എൻ. മധു, രാജപുരം കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ആർ. സതീഷ്കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ തോമസ് ചാക്കോ, സന്ദേശയാത്ര കോ–ഓർഡിനേറ്റർ സിറിയക് ചാഴിക്കാടൻ എന്നിവർ പ്രസംഗിച്ചു. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. സെബാൻ ഇടയാടിയിൽ സ്വാഗതവും കാഞ്ഞങ്ങാട് ഏരിയാ മാനേജർ സെബാൻ കാരക്കുന്നേൽ നന്ദിയും പറഞ്ഞു.


അവധിദിവസമായിരുന്നിട്ടും പരിപാടിക്ക് എൻഎസ്എസ് വോളണ്ടിയർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും വൻ പങ്കാളിത്തമായിരുന്നു. സന്ദേശയാത്ര ഇന്നു രാവിലെ പടന്നക്കാട് ഗുഡ് ഷെപ്പേഡ് ദേവാലയ പരിസരത്തുനിന്നു കണ്ണൂർ ജില്ലയിലേക്കുള്ള യാത്ര തുടരും. 23ന് തിരുവനന്തപുരത്തു സമാപിക്കും.

സന്ദേശയാത്രയ്ക്കു മുമ്പേ ബഡ്സ് സ്കൂളിലെ കുട്ടികളുടെ കാൽ തൊട്ടു വന്ദിച്ചുകള്ളാർ: ക്യാപ്@കാമ്പസ് കാൻസർ സന്ദേശയാത്ര പരിപാടിയുടെ സംസ്‌ഥാനതല ഉദ്ഘാടനത്തിനു മുമ്പേ സംഘാടകരും പ്രസിഡന്റ് അടക്കമുള്ള കള്ളാർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും രാജപുരം പൈനിക്കരയിൽ കള്ളാർ പഞ്ചായ ത്തിന് കീഴിലുള്ള ചാച്ചാജി ബഡ്സ് സ്കൂളിലെ കുട്ടികളുടെ കാൽ തൊട്ടു വന്ദിച്ചു. ഇവർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. പിന്നീടാണ് ഉദ്ഘാടന വേദിയായ രാജപുരം സെന്റ് പയസ് ടെൻത് കോളജ് ഓഡിറ്റോറിയത്തിലെത്തിയത്.

തങ്ങളുടേതല്ലാത്ത കാരണത്താൽ ദുരിതമനുഭവിക്കേണ്ടിവരുന്ന കുട്ടികളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഇതുവഴി ചെയ്തതെന്നു സന്ദേശയാത്രാ സംഘാടകർ പറഞ്ഞു. ബഡ്സ് സ്കൂളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ സന്ദർശനവും സ്നേഹവായ്പും അപൂർവാനുഭവമായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.