ക്യാപ്@കാമ്പസ് ജനക്ഷേമത്തിനായുള്ള മുന്നേറ്റം: കർദിനാൾ മാർ ആലഞ്ചേരി
Saturday, December 17, 2016 11:36 PM IST
കൊച്ചി: കാൻസർ രോഗത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ടു ദീപിക ദിനപത്രവും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടപ്പാക്കുന്ന ക്യാപ്@കാമ്പസ് പദ്ധതിയുടെ ഭാഗമായി കാസർഗോഡ് മുതൽ തിരുവന്തപുരം വരെ സംഘടിപ്പിച്ചിട്ടുള്ള സന്ദേശയാത്ര, ജനക്ഷേമം മുൻനിർത്തിയുള്ള മുന്നേറ്റമാണെന്നു സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സന്ദേശയാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിലെത്തിയ ടീമംഗങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാൻസർ ഒരു തീരാരോഗമാണെന്ന ചിന്ത മുമ്പുണ്ടായിരുന്നു. എന്നാൽ ഇന്നു കാൻസർ ബാധിച്ചവരെ മരണത്തിൽനിന്നു ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിനുള്ള ചികിത്സാരീതികൾ ദൈവകൃപയാൽ കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാൻസർ രോഗത്തിനെതിരായ സന്ദേശം യുവതീയുവാക്കളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്ന പരിശ്രമത്തിനു വിജയാശംസകൾ നേരുന്നു. ഈ പരിശ്രമത്തിനു നേതൃത്വം നൽകുന്ന ദീപികയ്ക്കും സർഗക്ഷേത്രയ്ക്കും ഈ സംരംഭത്തെ പിന്തുണയ്ക്കുന്നവർക്കും അഭിനന്ദനങ്ങൾ നേരുന്നതായും കർദിനാൾ പറഞ്ഞു.
രാവിലെ പതിനൊന്നരയോടെ ആർച്ച്ബിഷപ്സ് ഹൗസിലെത്തിയ സന്ദേശയാത്രാ ടീം അംഗങ്ങൾ അരമണിക്കൂറോളം കർദിനാളിനൊപ്പം ചെലവഴിച്ചു. മേളം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. കുര്യൻ ജോൺ മേളാംപറമ്പിലിനെ കർദിനാൾ ഷാൾ അണിയിച്ച് ആദരിച്ചു.
ദീപിക കൊച്ചി റസിഡന്റ് മാനേജർ ഫാ. മാത്യു കിലുക്കൻ, ഡിഎഫ്സി അതിരൂപത ഡയറക്ടർ ഫാ. ഷാൻലി ചിറപ്പണത്ത്, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, സന്ദേശയാത്രാ കോ–ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, സന്ദേശയാത്ര ടീമംഗങ്ങളായ ടിനോ ടോമി, എം.ടി. കലേഷ്, അനു ജേക്കബ്, ടോബിൻ ജോസഫ്, സോജോ ജോസഫ്, ഡായി മാത്യു, ജോർജ് ജേക്കബ്, സിജു തിനപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിൽകൂടി യാത്രയ്ക്കു സ്വീകരണങ്ങൾ നൽകി. രാവിലെ 9.30ന് ചൂണ്ടി ഭാരതമാതാ കൊമേഴ്സ് ആൻഡ് ആർട്സ് കോളജിലും ഉച്ചകഴിഞ്ഞ് രണ്ടിന് കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിലും വൈകുന്നേരം അഞ്ചിന് എറണാകുളം സെന്റ് ആൽബർട്സ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിലുമാണു യാത്രയ്ക്കു സ്വീകരണം നൽകിയത്.
വെള്ളിയാഴ്ച രാവിലെ 11ന് കോതമംഗലം കറുകടം മൗണ്ട് കാർമൽ കോളജിലെ സ്വീകരണത്തിനുശേഷം സന്ദേശയാത്ര ഇടുക്കി ജില്ലയിൽ പ്രവേശിക്കും.