ഇടുക്കിയുടെ മനംകവർന്ന് ക്യാപ്@കാമ്പസ് സന്ദേശ യാത്ര
Saturday, December 17, 2016 11:39 PM IST
തൊടുപുഴ: ഇടുക്കിയിൽ പ്രവേശിച്ച ക്യാപ്@കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്കു ഇടുക്കിയിൽ ഹൃദ്യമായ വരവേൽപ്. ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന യാത്രയെ ആവേശത്തോടെയാണ് ജില്ലയിൽ സ്വീകരിച്ചത്.
തൊടുപുഴ ന്യൂമാൻ കോളജിൽ ക്യാപ്@കാമ്പസ് സന്ദേശയാത്രാ കോ– ഓർഡിനേറ്റർ സിറിയക് ചാഴികാടനും ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റവ.ഡോ.വിൻസെന്റ് നെടുങ്ങാട്ടും ചേർന്നു കോതമംഗലം രൂപതാ കെസിവൈഎം പ്രസിഡന്റ് ടോം ചക്കാലക്കുന്നേലിനു പതാക കൈമാറി. കാൻസർ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനുമുള്ള മാർഗങ്ങൾ വിദ്യാർഥികളുമായി സിറിയക് ചാഴികാടൻ പങ്കുവച്ചു.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സന്ദേശയാത്രയാണ് വെള്ളിയാഴ്ച തൊടുപുഴയിൽ എത്തിയത്. ന്യൂമാൻ കോളജിലെ ക്യാപ്@കാമ്പസിന്റെ പ്രവർത്തനത്തിനു തുടക്കംകുറിച്ച് എൻസിസി ഭാരവാഹികളായ അമൽ നാഥും അശ്വതി രാജും ചേർന്നു പതാക ഏറ്റുവാങ്ങി. കോളജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ആയിരത്തോളം വരുന്ന വിദ്യാർഥികൾക്കു കാൻസറിനെതിരേയുള്ള പ്രതിജ്‌ഞ ചൊല്ലികൊടുത്തു. ന്യൂമാൻ കോളജ് ബർസാർ ഫാ.തോമസ് പൂവത്തിങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ.മാനുവേൽ പിച്ചളക്കാട്ട്, ഡിഎഫ്സി കോതമംഗലം രൂപതാ ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം എന്നിവർ ചേർന്നു ക്യാപ്@കാമ്പസിന്റെ ജില്ലാതല യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.
കട്ടപ്പന ടൗണിൽ മുനിസിപ്പൽ മിനിസ്റ്റേഡിയത്തിൽ സ്വീകരണപരിപാടി റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനംചെയ്തു. റീജണൽ കാൻസർ സെന്ററുമായി ചേർന്ന് ഇടുക്കി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കാൻസർ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു.
കട്ടപ്പന മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത കോ–ഓർഡിനേറ്റർ ഫാ. ജോസ് നരിതൂക്കിൽ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന ഭാരവാഹികളായ ജോഷി മണിമല, ഷാജി നെല്ലിപ്പറമ്പിൽ, ക്യാപ്@കാമ്പസ് കോ–ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, ദീപിക ഏരിയ മാനേജർ ഷാജി ശൗര്യാംകുഴി, ഷിജോ തടത്തിൽ, തങ്കച്ചൻ വാലുമ്മേൽ തുടങ്ങിയവർ പ്രസംഗിച്ചു.
സന്ദേശയാത്ര സംഘം ഇടുക്കി രൂപത കേന്ദ്രത്തിലെത്തി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെയും സന്ദർശിച്ചു.
ഇടുക്കിയിൽ രണ്ടു കേന്ദ്രങ്ങളിലായിരുന്നു സ്വീകരണപരിപാടി. തൊടപുഴ ന്യൂമാൻ കോളജിൽ നടന്ന പരിപാടിക്കു ശേഷമാണു യാത്ര കട്ടപ്പനയിലെത്തിയത്.
ശനിയാഴ്ച കോട്ടയം ജില്ലയിൽ പര്യടനം ആരംഭിക്കും. മൂന്നുദിവസമാണു ജില്ലയിലെ പര്യടന പരിപാടി. ചെത്തിപ്പുഴയിൽ നടക്കുന്ന ‘അമ്മയ്ക്കായി’ എന്ന പരിപാടിയിൽ കോട്ടയം ജില്ലയിലെ പര്യടനം ഉദ്ഘാടനംചെയ്യും.