ക്യാപ്@കാമ്പസ് കാൻസർ ബോധവത്കരണ യാത്രയ്ക്ക് ചങ്ങനാശേരിയിൽ വരവേല്പ്
ചങ്ങനാശേരി: ക്യാപ്@കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്ക് മതസൗഹാർദ നഗരിയായ ചങ്ങനാശേരിയിൽ പ്രൗഢോജ്വല വരവേല്പ്. വിവിധ ജില്ലകൾ കടന്നെത്തിയ സന്ദേശയാത്രയെ നഗരത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത രംഗങ്ങളിലെ നേതാക്കൾ ചേർന്നാണ് വരവേറ്റത്. ദീപിക, സർഗക്ഷേത്ര, മേളം ഫൗണ്ടേഷൻ, കൊച്ചി കാൻസർ സൊസൈറ്റി എന്നിവ സംയുക്‌തമായാണ് കാൻസർ സന്ദേശ യാത്ര നടത്തുന്നത്.

രാവിലെ പത്തിന് ചെത്തിപ്പുഴ തിരുഹൃദയ പാരിഷ്ഹാളിൽ സർഗക്ഷേത്ര വിമൻ ഫോറത്തിന്റെ നേതൃത്വത്തിലൊരുക്കിയ സ്വീകരണം പ്രശസ്ത കാൻസർ ചികിത്സാ വിദഗ്ധ ഡോ. ചിത്രധാര ഉദ്ഘാടനം ചെയ്തു. ജീവിത ശൈലിയാണ് കാൻസറിനു പ്രധാന കാരണമെമെന്നും ഈ സന്ദേശയാത്ര ജനങ്ങളുടെ ഇടയിൽ വലിയ ചലനത്തിനിടയാക്കിയെന്നും ഡോ. ചിത്രധാര പറഞ്ഞു.

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ. തോമസ് മംഗലത്ത് അധ്യക്ഷത വഹിച്ചു. സർഗക്ഷേത്ര രക്ഷാധികാരി റവ. ഡോ. പോൾ താമരശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, ചെത്തിപ്പുഴ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജയിംസ് പി. കുന്നത്ത്, പ്രഫ. കെ.വി. അശ്വതി, ഡോ. റോസി മാത്യു, അർച്ചന ജോർജ്, ലീനാ റോയി, ഷൈനി ജോൺസൺ, വർഗീസ് ആന്റണി, സിറിയക് ചാഴികാടൻ എന്നിവർ പ്രസംഗിച്ചു. തിരുവല്ല മെഡിക്കൽ മിഷൻ, കങ്ങഴ തെയോഫിലോസ്, ചെത്തിപ്പുഴ സെന്റ് തോമസ് എന്നീ നഴ്സിംഗ് കോളജുകളിൽനിന്നുള്ള വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിൽ സന്ദേശയാത്രയ്ക്ക് വരവേല്പ് നൽകി. ക്യാപ്*കാമ്പസ് ലോഗോ മാതൃകയിൽ വിദ്യാർഥികൾ അണിനിരന്ന് പ്രതിജ്‌ഞയെടുത്തു. എം.ജി. സർവകലാശാലാ പരീക്ഷാ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പറ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഫാ. ജോഷി ചീരാംകുഴി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം ആമുഖ പ്രസംഗം നടത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...