കോട്ടയത്തിന്റെ ഹൃദയത്തിലേറി കാൻസർ സന്ദേശയാത്ര
Monday, December 19, 2016 7:47 AM IST
കോട്ടയം: ക്യാപ് @കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്കു കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള വരവേൽപ്പ്. നെടുങ്കുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിൽ നൽകിയ സ്വീകരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. ഭക്ഷണ വ്യായാമ ശീലങ്ങളിൽ സമൂഹം ജാഗ്രത കാട്ടണമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. എസ്പിസി കേഡറ്റുകളും ഗൈഡ് യൂണിറ്റ് അംഗങ്ങളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ഞായറാഴ്ച രാവിലെ 8.30ന് പുതുപ്പള്ളിയിലെത്തിയ യാത്രയ്ക്കു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ ആശംസ നേർന്നു. ക്യാപ്*കാമ്പസിനും ഇതിനു നേതൃത്വം നൽകുന്ന ദീപികയ്ക്കും സർഗക്ഷേത്രയ്ക്കും മേളം ഫൗണ്ടേഷനും അദ്ദേഹം ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, യാത്ര കോഓർഡിനേറ്റർ സിറിയക് ചാഴികാടൻ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി നഴ്സിംഗ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം എരുമേലി എസ്ഐ ജെർളിൻ വി. സ്കറിയ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ അമല യോഗത്തിൽ അധ്യക്ഷതവഹിച്ചു. സിറിയക് ചാഴികാടൻ, ക്യാപ്*കാമ്പസ് കോ–ഓർഡിനേറ്റർ ടിനോ ടോമി എന്നിവർ പ്രസംഗിച്ചു.
പാലമ്പ്ര അസംപ്ഷൻ പള്ളിയിലെത്തിയ യാത്രയ്ക്കു വികാരി ഫാ. ബോബി വടയാറ്റുകുന്നേൽ സിഎംഐയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. ബോധവത്കരണ ക്ലാസും സൺഡേ സ്കൂൾ കുട്ടികൾക്കായി കാപ്ഷൻ മത്സരവും നടന്നു. വൈകുന്നേരം യാത്ര പാലാ ടൗണിൽ സമാപിച്ചു. കെസിവൈഎം പാലാ രൂപത സമിതി സംഘടിപ്പിച്ച ഹോളിനൈറ്റ് തിരുപ്പിറവി സന്ദേശ യാത്രയുടെ സമാപന യോഗത്തിൽ ജോസ് കെ.മാണി എംപി സന്ദേശയാത്രയെ സ്വീകരിച്ചു.
തിങ്കളാഴ്ച രാവിലെ 8.30ന് സന്ദേശയാത്ര ചങ്ങനാശേരി ബിഷപ് ഹൗസിലെത്തും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകും. തുടർന്ന് തെങ്ങണ ഗുഡ്ഷെപ്പേർഡ് പബ്ലിക് സ്കൂളിൽ സ്വീകരണം. കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടക്കും. ഉച്ചയ്ക്ക് 12.15നു കോട്ടയം മെഡിക്കൽ കോളജ് അങ്കണത്തിൽ യാത്രയെത്തും. ഉച്ചകഴിഞ്ഞു രണ്ടിനു മാന്നാനം കെഇ കോളജിൽ സ്വീകരണം. കുട്ടികൾക്കായി ബോധവത്കരണ ക്ലാസും വിവിധ മത്സരങ്ങളും ഉണ്ടായിരിക്കും.
മൂന്നിനു കാരിത്താസ് ആശുപത്രിയിൽ യാത്രയ്ക്കു സ്വീകരണം നൽകും. വൈകുന്നേരം അഞ്ചിനു ദീപിക കേന്ദ്ര ഓഫീസിലെ സ്വീകരണത്തോടെ യാത്രയുടെ ജില്ലയിലെ പര്യടനം പൂർത്തിയാകും.