ക്യാപ്@കാമ്പസ് സന്ദേശയാത്രയ്ക്കു തിരുവല്ലയിൽ ഉജ്വല വരവേൽപ്
തിരുവല്ല: കാൻസറിനെതിരേ സമൂഹമനഃസാക്ഷി ഉണർത്തുന്ന സന്ദേശവുമായെത്തിയ ക്യാപ്@കാമ്പസ് ബോധവത്കരണ സന്ദേശയാത്രയ്ക്കു തിരുവല്ലയിലെ വിവിധ കലാലയങ്ങളിൽ സ്വീകരണം.

ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സംസ്‌ഥാനതല കാൻസർ ബോധവത്കരണ സന്ദേശയാത്രയെ ബുധനാഴ്ച രാവിലെ തിരുവല്ല മേരിഗിരി അരമനയിൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

പുതുതലമുറയിൽ ഫാസ്റ്റ്ഫുഡ് സംസ്കാരം വളർന്നുവരികയും മായംകലർന്ന ഭക്ഷണം ഉപയോഗിക്കാൻ നാം നിർബന്ധിതരാകുകയും ചെയ്യുമ്പോൾ കാൻസറിനെതിരേയുള്ള ഇത്തരം ബോധവത്കരണ സന്ദേശയാത്രകൾക്കു പ്രസക്‌തിയേറെയാണെന്ന് ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു.

വികാരി ജനറാൾ മോൺ. ആന്റണി ചെത്തിപ്പുഴ, ഫാ.ഏബ്രഹാം നടുവിലേടം, ഫാ. ഉമ്മൻ കല്ലുപുരയിൽ, ഫാ.ജോസ് കല്ലുമാലിക്കൽ, ഫാ.ജയിംസ് കുമ്പന്താനത്ത്, വൈദിക വിദ്യാർഥികൾ, ഷാജി മാത്യു കൂളിയാട്ട് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

തുടർന്ന് പാലിയേക്കര സെന്റ് മേരീസ് വിമൻസ് കോളജ് അങ്കണത്തിൽ യാത്രയ്ക്കു സ്വീകരണം നൽകി. പത്തനംതിട്ട ജില്ലാതല പര്യടനം കോളജ് അങ്കണത്തിൽ മേളം ഫൗണ്ടേഷൻ ചെയർമാൻ ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ നിർവഹിച്ചു. വേദനരഹിതമായ ഒരു ലോകമെന്ന ലക്ഷ്യമാണു തന്റെ സങ്കല്പത്തിലുള്ളതെന്നും ഇതിനായി തന്നാൽ കഴിയുന്ന രീതിയിലുള്ള സഹായങ്ങൾ ചെയ്തുവരികയാണെന്നും കുര്യൻ ജോൺ പറഞ്ഞു. 1,54,000 പേർക്ക് ഇതിലൂടെ താങ്ങായി മാറാൻ കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.

കോളജ് പ്രിൻസിപ്പൽ പ്രഫ.പ്രസാദ് തോമസ് കോടിയാട്ട് അധ്യക്ഷതവഹിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം സിഎംഐ മുഖ്യപ്രഭാഷണം നടത്തി. സന്ദേശയാത്ര കോ ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, സന്തോഷ് അറയ്ക്കൽ, വർഗീസ് ആന്റണി, സീമാ പണിക്കർ, എസ്. അർച്ചന എന്നിവർ പ്രസംഗിച്ചു. തുടർന്നു വിദ്യാർഥികൾ പ്രതിജ്‌ഞ ചൊല്ലി സന്ദേശയാത്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സന്തോഷ് അറയ്ക്കൽ ബോധവത്കരണ ക്ലാസ് നയിച്ചു.

നഴ്സിംഗ് കോളജിൽ

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി നഴ്സിംഗ് കോളജിലെത്തിയ യാത്രയെ വിദ്യാർഥികൾ സ്വീകരിച്ചു. വലിയ കാൻവാസിൽ കൈവെള്ളയിൽ വർണം ചാലിച്ചു പതിപ്പിച്ചാണു സന്ദേശയാത്രയ്ക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ബ്ലെസി റൗളി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ എബിൻ ഏബ്രഹാം, എക്സിക്യൂട്ടീവ് ഡയറക്ടർ റെജി സാം ചെറിയാൻ, സൊസൈറ്റി പ്രസിഡന്റ് ജേക്കബ് ഉമ്മൻ എന്നിവർ നേതൃത്വം നൽകി.


മാക്ഫാസ്റ്റിൽതിരുവല്ല മാക്ഫാസ്റ്റ് കോളജിലെത്തിയ യാത്രയ്ക്കു വൻവരവേല്പാണു ലഭിച്ചത്. കോളജ് മാനേജർ ഫാ.സാമുവേൽ വിളയിലിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും കോളജ് കവാടത്തിൽ യാത്രയെ സ്വീകരിച്ചു. കോളജിലെ എൻഎസ്എസ്, ടെക്നിട്രോ പ്രവർത്തകർ നേതൃത്വം നൽകി. കോളജ് ഡെപ്യൂട്ടി ഡയറക്ടർ സനീഷ് വർഗീസ്, റേഡിയോ മാക്ഫാസ്റ്റ് സ്റ്റേഷൻ ഡയറക്ടർ വി. ജോർജ് മാത്യു, ബിജു ധർമപാലൻ, ടിജി മാത്യു തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ഫാ.സാമുവേൽ വിളയിൽ അധ്യക്ഷതവഹിച്ചു. കോ ഓർഡിനേറ്റർ സിറിയക് ചാഴികാടൻ മുഖ്യസന്ദേശം നൽകി. കോളജ് വിദ്യാർഥികൾ വരച്ച ചിത്രത്തിൽ കുട്ടികളും അധ്യാപകരും സന്ദേശം എഴുതി.

പുഷ്പഗിരിയിൽ

പുഷ്പഗിരി മെഡിക്കൽ കോളജിൽ ഉച്ചയോടെ എത്തിയ സന്ദേശയാത്രയെ മാനേജ്മെന്റും ജീവനക്കാരും നഴ്സിംഗ് വിദ്യാർഥികളും ചേർന്നു സ്വീകരിച്ചു. തുടർന്നു നടന്ന സമ്മേളനം പുഷ്പഗിരി സ്‌ഥാപനങ്ങളുടെ സിഇഒ റവ.ഡോ.ഷാജി മാത്യൂസ് വാഴയിൽ ഉദ്ഘാടനംചെയ്തു. ഫാ.റിജോ പുത്തൻപറമ്പിൽ, ഫാ.മാത്യു പുനക്കുളം, ഫാ.ജോസഫ് വാളംപറമ്പിൽ, ഫാ.ജോൺ പടിപ്പുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

മാരാമൺ ബിഷപ്സ് ഹൗസിലെത്തിയ സന്ദേശയാത്ര ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ കണ്ട് ആശിർവാദം ഏറ്റുവാങ്ങി. പത്തനംതിട്ട ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ സന്ദേശയാത്ര വ്യാഴാഴ്ച കൊല്ലം ജില്ലയിൽ പ്രവേശിക്കും. കൊല്ലത്തെ വിവിധ കലാലയങ്ങളിലെ പര്യടനത്തിനു ശേഷം വൈകുന്നേരം വർക്കല ശിവഗിരി മഠത്തിൽ സ്വീകരണ പരിപാടി ഉണ്ടാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...