കൊല്ലം: കേരളത്തിലെ കലാലയങ്ങളിൽ കാൻസർ എന്ന മഹാവിപത്തിനെതിരേ നടന്നുവരുന്ന കാൻസർ ബോധവത്കരണ സന്ദേശ യാത്രയ്ക്ക് ദേശിംഗനാട്ടിൽ ഉജ്വല വരവേൽപ്പ്. ചരിത്രമുറങ്ങുന്ന കൊല്ലം ശ്രീനാരായണ കോളജിന്റെ മുറ്റത്തെത്തിയ യാത്രയെ കോളജിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളും വിദ്യാർഥികളും നിലയ്ക്കാത്ത കരഘോഷത്തോടെയാണു സ്വീകരിച്ചത്.

കാമ്പസിലെ ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് താത്കാലിക ഇടവേള നൽകിയാണ് കൗമാരങ്ങൾ കാൻസറിനെതിരായ ആശയപ്രചാരണത്തിൽ പങ്കാളികളായത്. കോളജ് സെമിനാർ ഹാളിൽ നടന്ന ബോധവത്കരണ സമ്മേളനം ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ജോൺ അരീക്കൽ ഉദ്ഘാടനം ചെയ്തു. നമ്മുടെ ഭക്ഷണസംസ്കാരത്തിൽ ഉണ്ടായ മാറ്റമാണ് കാൻസർ രോഗികൾ വർധിക്കാനുള്ള പ്രധാന കാരണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കോളജ് പ്രിൻസിപ്പൽ ഡോ.കെ.ബി. മനോജ് അഭിപ്രായപ്പെട്ടു. സസ്യഭക്ഷണം കഴിച്ചാൽ മാത്രം കാൻസർ പോലുള്ള മാരക രോഗങ്ങളെ അകറ്റി നിർത്താം. ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ മലയാളിക്കു മനസുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.


കോളജിലെ അധ്യാപിക അനീഷ, വിദ്യാർഥികളായ സി.കെ.അശ്വതി, അമൃത, പാർവതി, ആര്യ, അഞ്ജു എന്നിവർ ചടങ്ങിൽ കാൻസർ രോഗികളെ സഹായിക്കാനായി മുടി ദാനം ചെയ്തു.

യാത്രയുടെ കോ–ഓർഡിനേറ്റർ സിറിയക് ചാഴികാടൻ കാൻസർ ബോധവത്കരണ സന്ദേശം നൽകി. കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിസ, യാത്രയുടെ മറ്റ് കോ–ഓർഡിനേറ്റർമാരായ ടിനോ ടോമി, കലേഷ്, കോളജ് എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.

കൊട്ടിയം ഡോൺബോസ്കോ കോളജിൽ യാത്രയ്ക്കു നൽകിയ സ്വീകരണ സമ്മേളനം കൊല്ലം അസിസ്റ്റന്റ് കളക്ടർ ആശ അജിത് ഉദ്ഘാടനം ചെയ്തു.

കോളജ് ഡയറക്ടർ ഫാ. കെ. ബി. വിൽസൺ, പ്രിൻസിപ്പൽ വൈ.ജോയി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ബോധവത്ക്കരണ സെമിനാറിന് യാത്രാംഗം സന്തോഷ് അറയ്ക്കൽ നേതൃത്വം നൽകി.