തിരുവനന്തപുരം: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ക്യാപ് @കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്ര ശനിയാഴ്ച ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ലൂർദ് മാതാ കാൻസർ കെയർ ഹോമിൽ സമാപിച്ചപ്പോൾ സംസ്‌ഥാനത്തെ 450ൽ അധികം കാമ്പസുകളിലാണു പര്യടനം നടത്തിയത്.

സ്കൂൾ, കോളജ്തല ബോധവത്കരണ പരിപാടികൾക്കൊപ്പം ബോധവത്കരണ സന്ദേശ സായാഹ്നങ്ങളും സംഘടിപ്പിച്ചിരുന്നു. ഫ്ളാഷ് മോബ്, തെരുവു നാടകങ്ങൾ, സിനിമാ പ്രദർശനം എന്നിവയിലൂടെ സമൂഹത്തിനു കാൻസർ ബോധവത്കരണം നൽകുന്നതിനും ക്യാപ് @കാമ്പസിലൂടെ സാധിച്ചു. ഇതിന്റെ ഭാഗമായി കാൻസർ കെയറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ, സർക്കാരിതര സ്‌ഥാപനങ്ങളിൽ സന്ദേശയാത്രാ പ്രതിനിധികൾ സന്ദർശനം നടത്തി. ബോധവത്കരണ സന്ദേശയാത്ര കടന്നുപോയ സ്‌ഥലങ്ങളിലെല്ലാം കാൻസർ ബോധവത്കരണത്തിനായുള്ള ലഘുലേഖകളും വിതരണം ചെയതു.

മലയാളത്തിന്റെ ആദ്യപത്രമായ ദീപിക, ചങ്ങനാശേരി ചെത്തിപ്പുഴയിൽ പ്രവർത്തിക്കുന്ന സർഗക്ഷേത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൽ സെന്റർ, നിർധന രോഗികൾക്കു ചികിത്സാ സഹായമെത്തിക്കുന്ന മേളം ഫൗണ്ടേഷൻ, കൊച്ചി കാൻസർ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണു കാൻസർ സന്ദേശയാത്ര സംഘടിപ്പിച്ചത്. പ്രശസ്ത കാൻസർ രോഗചികിത്സകൻ ഡോ.വി.പി.ഗംഗാധരന്റെ മേൽനോട്ടവും യാത്രയ്ക്കുണ്ടായിരുന്നു.


കാസർഗോട്ടുനിന്ന് ആരംഭിച്ച യാത്ര 2000 കിലോമീറ്ററോളം താണ്ടിയാണ് ശനിയാഴ്ച തലസ്‌ഥാന ജില്ലയായ തിരുവനന്തപുരത്തു സമാപിച്ചത്.

സമാപന സമ്മേളനത്തിൽ ബോധവത്കരണ യാത്രയിലുടനീളം പങ്കെടുത്ത ടീം അംഗങ്ങളെ മന്ത്രി കടകംപള്ളി സുരേന്ദ്രനും കെ.മുരളീധരൻ എംഎൽഎയും ചേർന്നു പൊന്നാട അണിയിച്ച് ആദരിച്ചു. യാത്രാ കോ ഓർഡിനേറ്റർ സിറിയക് ചാഴിക്കാടൻ, വർഗീസ് ആന്റണി, ടിനോ ടോമി, എം.ടി.കലേഷ്, സോജോ ജോസഫ്, ടോബിൻ ജോസഫ്, ഡായി മാത്യു എന്നിവരെയാണ് ആദരിച്ചത്. സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി വ്യക്‌തിത്വങ്ങൾ എത്തിയിരുന്നു.

ക്രിസ്മസ് ആഘോഷത്തോടെയാണു കാൻസർ ബോധവത്കരണ സന്ദേശയാത്ര സമാപിച്ചത്.