കാൻസറിനെതിരേയുള്ള സന്ദേശയാത്രയിലൂടെയും ബോധവത്കരണ പരിപാടികളിലൂടെയും തരംഗമായ ക്യാപ്@കാമ്പസ് പദ്ധതി നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പുകളിലേക്കും.

കാൻസർ ബോധവത്കരണവും പ്രതിരോധവും ലക്ഷ്യമാക്കി ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന ക്യാപ്@കാമ്പസ് പദ്ധതിയെയാണ് എംജി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം ഹൃദയത്തിലേറ്റുന്നത്. സർവകലാശാലയിലെ വിവിധ കോളജുകളിൽ നടക്കുന്ന എൻഎസ്എസ് സപ്തദിന ക്യാമ്പുകളിൽ ബോധവത്കരണ പരിപാടികൾ നടക്കും.

എൺപതിലേറെ കോളജുകളിലാണു സപ്തദിന ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്. ക്യാമ്പിലെ ഒരു ദിനം കാൻസർ രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പഠിക്കാൻ നീക്കിവയ്ക്കും. ഇതോടൊപ്പം ബോധവത്കരണ പരിപാടികളും നടത്തും.

സാമൂഹിക ആരോഗ്യ ജീവിതശൈലികളെക്കുറിച്ചും വിവിധ ഭക്ഷണ രീതികളെക്കുറിച്ചും ചർച്ചയും പഠനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകളും വിതരണം ചെയ്യും. ബോധവത്കരണ പരിപാടികളിൽ ക്യാമ്പ് നടക്കുന്ന പ്രദേശത്തെ ജനങ്ങളെയും പങ്കെടുപ്പിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്കു വിദഗ്ധർ മറുപടി നല്കും. ക്ലാസുകൾക്കു ശേഷം നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ നടക്കുന്ന പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു ബോധവത്കരണവും ലഘുലേഖവിതരണവും ചെയ്യുന്നുണ്ട്. കഴിഞ്ഞ 23, 26 തീയതികളിലാണു പല കോളജുകളിലും നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പുകൾ ആരംഭിച്ചത്.


എംജി സർവകലാശാല നാഷണൽ സർവീസ് സ്കീം കോ ഓർഡിനേറ്റർ ഡോ.കെ. സാബുക്കുട്ടൻ, സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം എന്നിവരാണു പരിപാടികൾക്കു നേതൃത്വം നൽകുന്നത്.