ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാപ് @ കാമ്പസ് കാൻസർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച പെരിന്തൽമണ്ണ പുത്തനങ്ങാടി സെൻറ് മേരീസ് കോളജിൽ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.

സമൂഹത്തെ കാർന്നു തിന്നുന്ന കാൻസർ എന്ന മഹാവിപത്തിനെതിരേ വരുംതലമുറയെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദീപിക, സർഗക്ഷേത്ര, മേളം ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ ബോധവത്കരണ പദ്ധതി നടപ്പാക്കുന്നത്.

ബോധവത്കരണക്ലാസ് പ്രിൻസിപ്പൽ ഫാ. ബിനു പീടിയേക്കൽ ഉദ്ഘാടനം ചെയ്തു. പഴമയുടെ തനിമയെ മാറ്റി മാറിച്ച ഫാസ്റ്റ് ഫുഡ് സംസ്കാരം ഇന്നത്തെ തലമുറയെ രോഗഗ്രസ്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറ ആരോഗ്യ, ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോയി വടക്കൻ സ്വാഗതം പറഞ്ഞു. ക്യാപ് @ കാമ്പസ് മലപ്പുറം കോഓർഡിനേറ്റർ അനു ജേക്കബ് പരിപാടിയെക്കുറിച്ചു വിശദീകണം നടത്തി.


ജോസഫ് മാലാപ്പറമ്പ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നവാസ്, വിമൻ സെൽ കോഓർഡിനേറ്ററും അധ്യാപികയുമായ മായ തുടങ്ങിയവർ നേതൃത്വം നൽകി. പ്രമുഖ സാമൂഹ്യ പരിസ്‌ഥിതി പ്രവർത്തകൻ സന്തോഷ് അറയ്ക്കൽ ക്ലാസിനു നേതൃത്വം നൽകി. ജീവിത ശൈലിയിലും ആരോഗ്യ, ഭക്ഷണ ശീലങ്ങളിലും മാറ്റം വരുത്തുക വഴി കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെ സംശയ നിവാരണത്തിനും അവസരമുണ്ടായിരുന്നു. അധ്യാപകരും അറൂനൂറിലേറെ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. ക്യാപ് @ കാമ്പസ് കാൻസർ ബോധവത്കരണ പരിപാടിയുടെ രണ്ടാംഘട്ടം എന്ന നിലയിൽ നേരത്തെ കാസർഗോഡു മുതൽ തിരുവനന്തപുരം വരെ ബോധവത്കരണയാത്ര നടത്തിയിരുന്നു.