കാൻസർ ദിനത്തിൽ സജീവമായി ക്യാപ് @കാമ്പസ്
Saturday, February 4, 2017 10:46 PM IST
കോട്ടയം: കാൻസറിനെതിരേയുള്ള പോരാട്ടവും പ്രതിരോധവും ബോധവത്കരണവുമായി കേരളത്തിൽ തരംഗം തീർത്ത ക്യാപ്@കാമ്പസ് പദ്ധതി ലോക കാൻസർ ദിനത്തിലും സജീവം. ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതിയോടനുബന്ധിച്ചുള്ള പരിപാടി കാൻസർ ദിനത്തോടനുബന്ധിച്ചു വിവിധ കേന്ദ്രങ്ങളിൽ നടന്നു.
ചങ്ങനാശേരി
ചങ്ങനാശേരി എസ്ബി കോളജും കാപ്@കാമ്പസുമായി ചേർന്നു കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾക്കു തുടക്കം കുറിച്ചു. സാമൂഹ്യപ്രവർത്തന വിഭാഗം ഒന്നാം വർഷ വിദ്യാർഥികളാണ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്.
അമ്പലപ്പുഴ
അമ്പലപ്പുഴ ഗവ. കോളജിന്റെയും ആരോഗ്യ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയും ചേർന്ന് നടത്തിയ കേശദാന പരിപാടികളിൽ പങ്കാളികളായത് ഏഴു സുമനസുകളാണ്. സർഗക്ഷേത്ര വുമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേശദാന പരിപാടിയിൽ 15 ഇഞ്ച് നീളമുള്ള മുടിയാണു വിദ്യാർഥികളും രക്ഷിതാക്കളും മുറിച്ചു നല്കിയത്. സർഗക്ഷേത്രയുടെ മുടി നല്കാം സാന്ത്വനം പരിപാടിയാണ് കാൻസർ രോഗികൾക്കു സൗജന്യമായി വിഗ് വിതരണം നടത്തുന്നത്.
കോട്ടയം
കാൻസർദിനത്തോടനുബന്ധിച്ചു കോട്ടയം ബിസിഎം കോളജിൽ ലഹരിവിരുദ്ധ എക്സിബിഷനും കാൻസർ ബോധവത്കരണ സെമിനാറും നടന്നു. ക്യാപ്@കാമ്പസിന്റെയും സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന എക്സിബിഷൻ ഫാ. ഫിലിമോൻ കല്ലാത്തറ നിർവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ.സൂസി ഫിലിപ്പ് അധ്യക്ഷയായിരുന്നു.
സന്തോഷ് അറയ്ക്കൽ സെമിനാർ നയിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്കിലെ വിദ്യാർഥികൾ ഈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു സാമൂഹ്യപ്രവർത്തന വിഭാഗം മേധാവി പ്രഫ. ഐപ് വർഗീസ് പറഞ്ഞു. കേരളത്തിലെ 300ൽ അധികം സ്കൂളുകളും കോളജുകളും ഇതുവരെ ക്യാപ്@കാമ്പസിനോടു സഹകരിച്ചു പരിപാടികൾ നടത്തിവരികയാണ്. പദ്ധതിയുടെ ഭാഗമായി നടന്ന സന്ദേശയാത്ര ഏറെ ജനശ്രദ്ധ നേടിയിരുന്നു.