അജ്ഞത അകറ്റാനുള്ള ഭദ്രദീപം
Friday, July 21, 2017 12:08 AM IST
ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ
രാമനാമത്തെ ജപിച്ചൊരു കാട്ടാളൻ മുന്നം
മാമുനി പ്രവരനായ് വന്നതും കണ്ടു ധാതാ.
ഒരു രാമായണ മാസം കൂടി സമാഗതമായി. പ്രകൃതി നൽകുന്ന ദുഃഖത്തിൽ നിന്ന് മനസിനും ശരീരത്തിനും മോചനം ലഭിക്കാനുള്ള മാർഗമന്വേഷിച്ച് നടക്കുന്ന മനുഷ്യന് ഒരു മരുപച്ചയാണ് രാമായണം. അജ്ഞതയെ അകറ്റാനുള്ള ഭദ്രദീപം. അസത്തിൽ നിന്ന് സത്തിലേക്കുള്ള മാർഗം. ഉപനിഷത് മന്ത്രമായ അസതോമാ സദ്ഗമയ എന്നതിന്റെ പ്രതിഫലനം.
രത്നാകരനെന്ന അധർമിയെ ധർമിയാക്കിയ ചൈതന്യം. ആദ്ധ്യാത്മിക ജീവിതത്തിന് ഓജസ് പകരുന്ന ഘടകങ്ങൾ ഉപദേശങ്ങൾ തന്നെയല്ലെ. സംസാര ദുഖത്താൽ വലയം ചെയ്ത ജീവിതത്തിന് ഈ ഉപദേശങ്ങൾ മാർഗദർശനം നല്കും. അവിവേകം വരുത്തി വയ്ക്കുന്ന തെറ്റുകൾ തിരുത്താൻ രാമായണോപദേശങ്ങൾ പോലെ മറ്റൊരു മറുമരുന്നില്ല. അദ്ധ്യാത്മ രാമായണം ഉപദേശങ്ങൾ കൊണ്ട് സമൃദ്ധമാണ്. ഉപദേശിക്കുന്നത് ഇഷ്ട കഥാപാത്രമായ രാമനും.
നല്ലതുമാത്രം ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന സമാരാധ്യൻ. ഇത് തുഞ്ചത്തെഴുത്തച്ഛന്റെ അത്യനുഗ്രഹീതമായ വാക്കുകളിലൂടെ നമ്മിൽ കർണാമൃതമായി പെയ്തിറങ്ങുന്പോൾ രാമായണത്തെ മനസിൽ നിറയ്ക്കാം. നല്ലതു ചിന്തിക്കുവാനും പ്രവൃത്തിക്കാനുമുള്ള ഔഷധമായി തന്നെ. സത്യം വദ, ധർമം ചര എന്ന തൈതിരിയോപനിഷത്ത് മന്ത്രം പോലെ. സത്യവും ധർമവും മനുഷ്യനെ നൻമയിലേക്ക് നയിക്കുന്നു. ഇത് രണ്ടും വെടിഞ്ഞവനെ ലോകം വെറുക്കുന്നു.
സത്യധർമാദിവെടിഞ്ഞീടിന പുരുഷനെ
ക്രുദ്ധനാം സർപ്പത്തേക്കാളേറ്റവും ഭയക്കേണം.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ