ധർമത്തെ മുറുകെപ്പിടിച്ചവൻ
Friday, July 21, 2017 12:12 AM IST
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമദേവ തത്ത്വമുപദേശിച്ചീടണം
ഉമാമഹേശ്വര സംവാദത്തിലെ വരികളാണിവ. ശ്രീരാമൻ എന്തുകൊണ്ട് നമുക്ക് ആരാധ്യനായി. നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യം തന്നെ. ഇവിടെയാണ് കവിവാക്യം അത്യന്തം ശ്രദ്ധേയമാകുന്നത്.
ഇപ്പോളിപ്പാരിലാരു ഗുണവാനാരു വീര്യവാൻ
മര്യാദക്കാരനാരു സർവഭൂതത്തിനും ഹിതൻ
ആരു വിദ്വാൻ, ത്രാണിയുള്ളോനൊരാൾ
പ്രിയദർശനൻ
ആരുസുയോജഢിതൻ ശ്രീമാ, നാർ
കോപം വെന്നൊരാത്മവാൻ
ഉത്തരം ഒന്നേയുള്ളു രാമൻ. ഈ ഉത്തരം തന്നെയായിരിക്കാം വാത്മീകി കേൾക്കാനാഗ്രഹിച്ചതും സംപ്രീതനാക്കിയതും. ഉത്തമപുരുഷനെ തേടിയുള്ള ഈ ചോദ്യത്തിന് ഉത്തരം രാമൻ എന്നല്ലാതെ മറ്റൊരുത്തരമുണ്ടോ. ഉത്തമനായ പുരുഷനു വേണ്ട ഗുണങ്ങൾ. പ്രവൃത്തിയിലൂടെ ഈശ്വരത്വം നേടിയ മഹാൻ. സമസ്ത ലോകങ്ങളും സ്വന്തം ആത്മാവിൽ തന്നെ രമിപ്പിക്കുന്നവൻ രാമൻ. ധർമത്തെ മുറുകെപിടിച്ചവൻ തന്നെ രാമൻ.
എത്ര ദുഃഖമുണ്ടായാലും ആത്യന്തികമായ വിജയം ധർമനിഷ്ഠയ്ക്കു തന്നെയെന്നു രാമൻ ജീവിച്ചുകാണിക്കുകയായിരുന്നു. ജീവിതത്തിൽ പരാജയങ്ങൾ നേരിട്ടാലും ധർമബോധം തന്നെ ഉത്തമം എന്ന നിഷ്ഠ നമ്മെ വിജയത്തിലെത്തിക്കും എന്നതിന് രാമായണം പോലെ മറ്റൊരു ഉദാഹരണമില്ല. രാമനെ പോലെ മറ്റൊരുത്തമനില്ല. ഇന്നത്തെ യുവത്വം സ്വീകരിക്കേണ്ടതും മുറകെ പിടിക്കേണ്ടതും ധർമനിഷ്ഠ തന്നെ. ജീവിത സമുദ്രം താണ്ടാൻ ഇതിൽപരം ഒരു മാർഗം നമ്മുടെ മുന്നിലില്ലതന്നെ.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ