ജ്ഞാനംതന്നെ വിജയത്തിനു നിദാനം
Friday, July 21, 2017 12:20 AM IST
മൂന്നു രാജ്യങ്ങളുടെ കഥയാണ് രാമായണം. കോസലം, കിഷ്ക്കിന്ധ, ലങ്ക. അമിതമായ മാനസിക വികാരം മൂന്നു രാജ്യങ്ങൾക്കും താത്കാലികമായ ക്ഷീണം ജനിപ്പിച്ചു. പുത്രസ്നേഹത്താൽ കോസലത്തിനും കാമക്രോധാദികളാൽ ലങ്കയ്ക്കും കിഷ്ക്കിന്ധയ്ക്കും. മനസിന്റെ വികാരവിചാരാദികൾ വിവേകത്താൽ കീഴ്പ്പെടുത്താൻ പറ്റാത്ത ആർക്കും സംഭവിക്കുന്ന ആപത്തുതന്നെ ഇത്. പ്രാപഞ്ചികമായ കാരണങ്ങൾ തന്നെ മിക്ക ദുഃഖങ്ങൾക്കും കാരണം. വികാരത്തിന് അടിപ്പെട്ട് നീതിസാര വചനങ്ങൾ അംഗീകരിക്കാൻ പലരും തയാറാകാത്തതു തന്നെ സർവനാശത്തിനും കാരണം. അധികാരവും സന്പത്തും ശാശ്വതമെന്നു ധരിക്കുന്നവർ വിഡ്ഢികൾ തന്നെ. അഹംബുദ്ധിയിൽ ആത്മനാശം തന്നെ ഫലം. വികാരത്തെ ജയിക്കുന്നവർ ബുദ്ധിമാൻ. പരമജ്ഞാനികൾക്കേ ഇതു സാധ്യമാകു.
"വിജ്ഞാന ജ്ഞാനാദികൾ കൊണ്ടുമോക്ഷവും വരും
വിജ്ഞാനമെന്നാൽ ഗുരുമുഖത്തിൽനിന്നിതെല്ലാം
ആകയാൽ ത്വൽ ഭക്തിയുംനിങ്കലേ പ്രേമവായ്പും
രാഘവാ! സദാ ഭവിക്കേണമേ ദയാനിധേ!'
വിജ്ഞാനം, ജ്ഞാനം മുതലായവയാൽ മോക്ഷവും ലഭിക്കും. ഗുരുമുഖത്തിൽ നിന്ന് ഞാനറിഞ്ഞതാണിതെല്ലാം, അതിനാൽ രാഘവാ നിന്നിലെ ഭക്തി എന്നിൽ എന്നെന്നും നിലനിൽക്കേണം. അഗസ്ത്യസ്തുതിയിലെ ശ്രദ്ധേയമായ വാക്കുകളാണിവ. രാമൻ എന്ന പരമാത്മശക്തിയെ അറിഞ്ഞവനേ വികാരങ്ങളെ കീഴ്പ്പെടുത്താൻ പറ്റു. ഇതിന് സജ്ജനസംഗമം തന്നെ ഉത്തമം. സജ്ജനസംഗമം നേർവഴിക്ക് നടത്തും. ഭക്തിയുണ്ടാകും. നമ്മിലെ സകല ദുഃഖങ്ങളുടേയും നാശത്തിനും ഭക്തി കാരണമായിത്തീരും.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ