ക്രോധത്താൽ സർവനാശം ഫലം
Friday, July 21, 2017 1:09 AM IST
മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും
ശക്തിയുള്ളോന്നതിൽ ക്രോധമറികെടോ
മാതാപിതാ ഭ്രാതൃമിത്ര സഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ
മുക്തിക്കു തടസം സൃഷ്ടിക്കാൻ ഏറ്റവും ശക്തിയായത് ക്രോധം തന്നെ. അച്ഛൻ, അമ്മ, സഹോദരൻ, ബന്ധുക്കൾ എന്നിവരെ ക്രോധം നിമിത്തം മനുഷ്യർ കൊല്ലുന്നു. ലക്ഷ്മണോപദേശത്തിലെ ഓർത്തുവയ്ക്കേണ്ട വരികൾ. തത്ത്വചിന്താ ഗാംഭീര്യമുള്ള ഈ ഉപദേശം അദ്ധ്യാത്മ രാമായണത്തിലെ അത്യുൽകൃഷ്ടമായ ഭാഗം തന്നെ.
ക്രോധത്താൽ ജ്വലിച്ചുനിന്ന ലക്ഷ്മണനെ ശാന്തനാക്കുന്നതും ഈ ഉപദേശം തന്നെ. പരമാത്മതത്ത്വത്തെ അറിഞ്ഞവൻ കോപതാപാദികളെ നിയന്ത്രിക്കുന്നു. അതുവഴി വിജയപാതയിൽ തന്നെ യാത്ര സാധ്യമാകുന്നു. ജീവിതവിജയം നേടിയവരൊക്കെ കോപത്തെ കീഴ്പ്പെടുത്തിയവരത്രെ. രാമന്റെ വിജയവും ഈ തത്ത്വത്തിൽ അധിഷ്ഠിതം തന്നെ. അതുകൊണ്ട് തന്നെയായിരിക്കാം രാമായണം മറ്റു ഗ്രന്ഥങ്ങളിൽ നിന്നു വ്യത്യസ്തമായതും. ലക്ഷ്മണനോട് കോപം തോന്നിയത് സീതയുടെ ദുഃഖത്തിനു കാരണമായില്ലെ.
കോപത്താലുള്ള പ്രവൃത്തിദൂഷ്യം ദുരിതങ്ങൾ ഉണ്ടാക്കുന്നു. ക്രോധം വീണ്ടുവിചാരം നശിപ്പിക്കുന്നു. വീണ്ടുവിചാരമില്ലാത്ത കർമം ഈശ്വരപ്രാപ്തിക്കുള്ള വഴി അടയ്ക്കുന്നു. ഈശ്വരവാസമായ മനസ് നേടാൻ കഴിയാതെ വരുന്നു. നാം രാവണൻമാരായി തീരുന്നു. കോപത്തെ ജയിച്ചവർക്കേ ആദരവും ബഹുമാനവും നേടാൻ കഴിയൂ എന്ന തത്ത്വം ഈ സന്ദർഭം നമ്മെ ഓർമിപ്പിക്കുന്നു.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ