രാമസീതാ തത്വം
Friday, July 21, 2017 1:19 AM IST
രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു
താമരസാക്ഷനാമാദി നാരായണൻ
ലക്ഷ്മണനായതനന്തൻ ജനകജാ
ലക്ഷ്മീ ഭഗവതി ലോകമായ പരാ
രാമൻ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണുവാണ്. ലക്ഷ്മണൻ അനന്തനാണ്. സീതയാകട്ടെ ലക്ഷ്മീദേവിയായ സാക്ഷാൽ മായാ ഭഗവതിയും. സ്ത്രീപുരുഷ ബന്ധം പ്രകൃതിയുടേയും പരമാത്മാവിന്റെയും സംയോഗം തന്നെ. ഈ ഉറച്ച ബന്ധങ്ങൾക്ക് ഉണ്ടാകുന്ന ഹാനിയാണ് ലോകസാധാരണമായിരിക്കുന്നത്. ഇതു കാണിച്ചുതരുന്നു പ്രകൃതിയും പുരുഷനുമായ സീതയും ശ്രീരാമനും. കുടുംബ ബന്ധങ്ങളുടെ ഉറപ്പ് ഈ സത്യത്തെ ആധാരമാക്കിത്തന്നെ.
സ്വന്തം ശരീരത്തിലെ ക്ഷേത്രജ്ഞനായ പരമാത്മശക്തി തന്നെ എല്ലാവരിലും എന്ന തിരിച്ചറിവ് ബന്ധങ്ങളെ ഊട്ടിഉറപ്പിക്കും. പ്രകൃതീദേവിയുടെ കൂടപ്പിറപ്പുകൾ തന്നെ സഹോദരങ്ങളുടെ ധർമപത്നികളായി ത്തീരുന്നു എന്നതും സ്വാഭാവികം മാത്രം. ഭാരതീയ സംസ്കാരത്തിൽ കുടുംബബന്ധത്തിന്റെ മഹത്വം കാണിച്ചുതരുന്നു രാമായണമെന്ന വിശ്വകാവ്യം -രാമനിലൂടെയും സീതയിലൂടെയും. ധർമത്തിന്റെ വഴി തേടുന്പോൾ നമ്മെ തേടിവരുന്ന ദുരന്തങ്ങൾ ഒരുമിച്ചു നേരിടുന്നു രാമനും സീതയും. വിശ്വസാഹിത്യത്തിന്റെ നെറുകയിൽ നിൽക്കാൻ രാമായണത്തിനും കവി വാല്മീകിക്കും സാധിച്ചതും ഈ തത്ത്വം തന്നെയായിരിക്കാം കാരണം.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ