കടമകൾ മറക്കരുത്
Sunday, July 23, 2017 11:49 PM IST
"സത്യസന്ധൻ ഭവാനെങ്കിലും മാനസേ
മർത്ത്യജൻമം കൊണ്ടു വിസ്മൃതനായ് വരാം'
നാരദമഹർഷിയുടെ ഓർമപ്പെടുത്തലിന് ശ്രീരാമന്റെ ഉത്തരം ഇന്നത്തെ സമൂഹം ഓർത്തുവയ്ക്കേണ്ടതു തന്നെ.
"സത്യത്തെ ലംഘിക്കയില്ലൊരു നാളും ഞാൻ
ചിത്തേ വിഷാദമുണ്ടായ്കതു മൂലം'
ശ്രേഷ്ഠമായ മറുപടി. എന്ത് വിഷാദം നേരിടേണ്ടി വന്നാലും സത്യലംഘനം എന്നിൽ നിന്ന് ഉണ്ടാകില്ലെന്ന രാമന്റെ മറുപടി. കാലസ്ഥിതി നോക്കി പ്രവർത്തിച്ചാലെ ലക്ഷ്യം നേടാൻ പറ്റൂ. പൂർവജൻമ കർമങ്ങളുടെ ഫലം അവസാനിക്കുന്പോൾ മാത്രമേ ആർക്കും തങ്ങളുടെ കർമം പൂർത്തീകരിക്കാൻ പറ്റൂ. മനുഷ്യപ്രയത്നം ലക്ഷ്യപ്രാപ്തിക്കുള്ള വെറും കാരണമാണ്. ജൻമോദ്ദേശ്യം വിസ്മരിക്കുന്നു മനുഷ്യർ. ഈ സത്യത്തെയാണ് നാരദരിലൂടെ നാം കേട്ടത്.
രാമൻ രാജാവായാൽ -അധികാരം നേടിയാൽ - രാവണവധം ഓർമയുണ്ടാകില്ലെന്ന് നാരദർ ഓർമിപ്പിക്കുന്നു. ഇതു തന്നെ സുഗ്രീവന്റെ കാര്യത്തിലും സംഭവിച്ചത്. ബാലിവധത്തിനു ശേഷം രാജാവായ സുഗ്രീവൻ സീതാന്വേഷണം പാടെ വിസ്മരിച്ചു. ഹനുമാൻ വേണ്ടിവന്നു സുഗ്രീവന് ഇക്കാര്യം ഓർമിക്കാൻ. രാമൻ തന്റെ ജൻമോദ്ദേശ്യത്തിന് കാട്ടിലേക്ക് പോകുന്നു. നമ്മുടെ ഭരണകർത്താക്കൾ ഓർത്തിരിക്കണം നാരദവാക്യം.
അധികാരത്തിന്റെ സുഖത്തിൽ കുടുങ്ങിയാൽ പിന്നെ മനുഷ്യൻ കടമകൾ മറക്കുന്നു എന്നതിന് നാരദവാക്യങ്ങൾ സൂചന തരുന്നില്ലെ. ഓരോ ജൻമത്തിനും തനതായ ലക്ഷ്യമുണ്ട്. അതാലോചിച്ച് ഉറച്ച മനസോടെ ലക്ഷ്യത്തിലേക്ക് നീങ്ങണം. അപ്പോഴേ വിജയം സുനിശ്ചിതമാകു.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ