സജ്ജനസംഗമം തന്നെ ഉചിതം
Monday, July 24, 2017 12:07 AM IST
"ക്ഷത്ര ബന്ധുക്കളായുള്ളൊരു ഞങ്ങളെ-
ച്ചിത്ത മോദത്തോടനുഗ്രഹിക്കേണമേ.'
സീതാലക്ഷ്മണ സമേതനായ രാമൻ ഭരദ്വാജ മുനിയോട് അഭ്യർഥിക്കുന്നതാണ് മേൽവരികൾ. സീതയും രാമ-ലക്ഷ്മണൻമാരും സന്ദർശിക്കുന്നത് വാത്മീകി, അത്രി, ശരഭംഗൻ, സുനിഷ്ണർ, അഗസ്ത്യർ തുടങ്ങി നിരവധി മഹർഷിമാരെ. ഒരു ചോദ്യം ഇവിടെ പ്രസക്തം. ഈ ആശ്രമങ്ങൾ സന്ദർശിക്കാനും അനുഗ്രഹങ്ങൾ നേടാനും സീതയെ ശ്രീരാമൻ പ്രേരിപ്പിച്ചത് എന്തിനായിരിക്കാം. ഉത്തരം സ്പഷ്ടം. ഏതു ദുഃഖത്തിൽ നിന്നും മനസിനെ ഉയർത്താൻ പ്രാപ്തി നേടുക എന്ന ലക്ഷ്യം തന്നെ.
സജ്ജനസംഗമം ദുഃഖവിമുക്തമാക്കും. നമുക്ക് ലഭിക്കുന്ന ഏറ്റവും നല്ല സന്ദേശങ്ങളിൽ ഒന്നു തന്നെയാണിത്. ഏത് ദുഃഖത്തിൽ നിന്നും ഉയരാൻ മനുഷ്യമനസിന് പ്രാപ്തി ലഭിക്കാൻ സജ്ജനസംഗമം തന്നെ ഉചിതം. സ്പതർഷികളുടെ സാമിപ്യവും ഉപദേശവും രത്നാകരനെന്ന കൊള്ളക്കാരനെ വാത്മീകിയാക്കിയില്ലേ. സജ്ജനസംസർഗത്തിന്റെ ഫലം ലഭിക്കുമെന്ന് മഹർഷിമാർ പറഞ്ഞപ്പോൾ പ്രയത്നത്തിലൂടെ ഉയരുവാൻ, പരബ്രഹ്മത്തെക്കുറിച്ചുള്ള ബോധം നേടാനും രത്നാകരന് കഴിഞ്ഞില്ലെ. പരമാത്മതത്വത്തിൽ ഉറപ്പിച്ച മനസുണ്ടെങ്കിൽ നാമും ഉയരില്ലെ. ശ്രീരാമന്റെ ഓരോ വാക്യങ്ങളും മനസിനെ ഉയർത്താനുള്ള മരുന്നു തന്നെയല്ലെ ? ഈ തത്വബോധമുള്ളവർക്ക് വിജയം വരിക്കാൻ സജ്ജനസംഗമം തന്നെ ഉത്തമം.
"ഭക്തിസാധനം സംക്ഷേപിച്ചു ഞാൻ ചൊല്ലീടവ-
നുത്തമേ ! കേട്ടുകൊൾക മുക്തി വന്നീടുവാനായ്.
മുഖ്യസാധനമല്ലൊ സജ്ജനസംഗമം'
എന്ന് ശബരിയോട് ശ്രീരാമൻ പറയുന്നത് കേൾക്കുക. ഉയരാൻ സജ്ജനസംഗമം തന്നെ ഉചിതമെന്ന് നാം ഓർക്കുക.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ