ദുഃഖങ്ങൾ വരുന്ന വഴികൾ
Wednesday, July 26, 2017 1:38 AM IST
"ആരുപദേശിച്ചിതു മൂലനാശമായ-
കാരിയം നിന്നോടവൻ നിന്നുടെ ശത്രുവല്ലൊ
നിന്നുടെ നാശം വരുത്തീടുവാനവസരം
തന്നെ പാർത്തിരിപ്പോരു ശത്രുവാകുന്നതവൻ'
മാരീചന്റെ വാക്കുകളാണിവ. നിന്റെ സന്പൂർണ നാശത്തിനുള്ള ഇക്കാര്യം (സീതാപഹരണം) ആരാണ് നിനക്ക് ഉപദേശിച്ചു തന്നത്. ഈ പ്രവൃത്തി ഉപദേശിച്ചവൻ നിന്റെ മിത്രമല്ല, ശത്രുതന്നെയെന്നു നിശ്ചയം.
ഉപദേശങ്ങൾ കൊണ്ടുള്ള അത്യാഗ്രഹം ദുഃഖം വരുത്തും. രാവണന്റെ സർവനാശത്തിനും കാരണം ഈ ഉപദേശം മൂലമുള്ള ആഗ്രഹം തന്നെ. മനുഷ്യമനസിന്റെ വിവേകം നശിക്കുന്പോഴല്ലെ വികാരത്തിന് അടിമപ്പെടുക. മനസിന്റെ ചാപല്യവും ദുഃഖത്തിന് കാരണമാകുന്നു. സീതയ്ക്ക് മാനിനോടുള്ള മോഹം തന്നെയല്ലെ ദുഃഖത്തിന് കാരണമായത്. ജീവിതം ക്ഷണഭംഗുരമാണ്. സന്പത്തും വിപത്തും അതുപോലെ തന്നെ. ജനനമരണാധികളും ദുഃഖത്തിന് കാരണമാകുന്നു.
പരമാത്മതത്വത്തെ അറിയുന്നവന് ഇത് വേഗത്തിൽ തരണം ചെയ്യാം. പക്ഷെ, അത്യാഗ്രഹം കൊണ്ടുള്ള ദുഃഖം നാശം തന്നെയായിരിക്കും. ധർമാധർമങ്ങൾ തിരിച്ചറിയുന്നവന് മോഹഭംഗം ഇല്ലതന്നെ-ദുഃഖവും. ഈ തത്വം രാമായണം നമ്മെ ഓർമിപ്പിക്കുന്നു. ധർമത്തിന്റെ പാത സ്വീകരിച്ചവന് ദുഃഖം താത്കാലികം. രാമന്റെ ദുഃഖവും താത്കാലികമായിരുന്നല്ലൊ. ധർമപ്രദാനമായ രാമായണം ഉപദേശിക്കുന്നതും വേറൊന്നുമല്ല. എത്ര പ്രയാസങ്ങൾ നേരിടേണ്ടി വന്നാലും ധർമത്തിനു തന്നെ വിജയം എന്ന തത്വം ഇന്നത്തെ സമൂഹം മറക്കാതിരുന്നാൽ എത്ര ഉത്തമം.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ