ചാരിത്ര്യം സ്ത്രീക്കും പുരുഷനും
Friday, July 28, 2017 3:51 AM IST
"ഞാനിഹതപോധനവേഷവും ധരിച്ചോരോ
കാനനംതോറും നടന്നീടുന്നസദാകാലം.
ജാനകീയാമിവളെന്നുടെ പത്നിയല്ലോ
മാനസേപാർത്താൽ വെടിഞ്ഞീടരുതൊന്നുകൊണ്ടും'
ചാരിത്ര്യം സ്ത്രീകൾക്ക് വിലമതിക്കാനാകാത്തത് തന്നെ. സ്ത്രീയുടെ സന്പത്ത്. ആധുനിക ലോകമായാലും പൗരാണിക ലോകമായാലും ചാരിത്ര്യം സ്ത്രീക്ക് മാത്രമേയുള്ളു ? പുരുഷൻമാരുടെ കാര്യമോ. മണ്ഡോദരിയെന്ന ഉത്തമയായ ഭാര്യ രാവണനെ ഇത് ഓർമിപ്പിക്കുന്നുണ്ട് രാമായണത്തിൽ. പഞ്ചകന്യകമാർ സീത, ദ്രൗപതി, താര, അഹല്യ, മണ്ഡോദരി. ഇതിൽ മണ്ഡോദരി ഇടംനേടിയതും സ്വഭാവമഹത്വം കൊണ്ടുതന്നെയായിരിക്കാം.
രാമലക്ഷ്മണൻമാരെ സമീപിച്ച ശൂർപണഖയ്ക്ക് നൽകുന്ന ഉത്തരത്തിൽ അവരുടെ സ്വഭാവമഹത്വം -ഏകപത്നീവ്രതം - വ്യക്തമാകുന്നു. ബാലിയുടെ അരികത്ത് ശ്രീരാമൻ നൽകുന്ന ഉത്തരവും വേറൊന്നല്ലതന്നെ. അനുജന്റെ ഭാര്യക്ക് സഹോദരിയുടെ സ്ഥാനമില്ലെ ?
"ഞാനാളല്ലുത്തരം ചൊല്ലാൻ
എനിക്കീശ്വരിയാണു നീ'
എന്ന ലക്ഷ്മണവാക്യം കേൾക്കുക. ഭാര്യയല്ലാതെ ഏതൊരു സ്ത്രീയെയും അമ്മയായി, സഹോദരിയായി കാണണമെന്ന ഉത്തമമായ സന്ദേശം നൽകിയ മഹാകാവ്യം തന്നെ രാമായണം. ഭാര്യാ-ഭർത്താക്കൻമാർ തമ്മിലുള്ള ബന്ധം തന്നെ കുടുംബത്തിന്റെ കെട്ടുറപ്പെന്ന് വിശേഷിപ്പിക്കുന്നു രാമായണം. ഇന്നത്തെ സമൂഹം ഇതൊന്നു ശ്രദ്ധിച്ചാൽ എന്നാശിച്ചുപോകുന്നു ഈ സന്ദർഭത്തിൽ. ഭാര്യയുടെ പ്രാർഥന തന്നെയല്ലെ ലക്ഷ്മണന് ശക്തിയും രക്ഷയും നൽകിയത്.
കാമത്തിന്റെ പരിണിത ഫലം ക്രോധത്തിനു കാരണമാകും. ക്രോധം ഏൽപ്പിക്കുന്ന മുറിവ് ഭീകരം തന്നെ. ശൂർപണഖ എന്ന കാമരൂപത്തിനേറ്റ മുറിവ് രാവണനും രാക്ഷസപ്പടയ്ക്കും നാശം തന്നെയല്ലെ ഉണ്ടാക്കിയത്. അതിനാൽ തന്നെയായിരിക്കാം ചാരിത്ര്യം സ്ത്രീക്കും പുരുഷനും തുല്യമായി കാണാൻ വാല്മീകിയെന്ന മഹാകവി ശ്രമിച്ചതും. മനോഗുണജന്യങ്ങളായ കാമാദികളെ ജയിച്ചാൽ ജീവിതം ധന്യമായി.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ