അഹങ്കാരത്തിന്റെ പതനം
Sunday, July 30, 2017 4:37 AM IST
"ലോകങ്ങളെല്ലാം ജയിച്ചഭവാനിന്നൊ
രാകുലമെന്തു ഭവിച്ചതു മാനസേ'
കാമക്രോധങ്ങളുടെ പ്രതീകമായ രാവണനോട് അനുചരൻമാരുടെ ചോദ്യമാണിത്. നാം സ്വയം ചോദിക്കേണ്ട ചോദ്യം. ബലവാൻമാർ അനീതി ചെയ്യുന്നു. ബലവാനായ ബാലി മുഷ്ക് കൊണ്ടു തന്നെ സുഗ്രീവനെ തോൽപ്പിച്ച് സഹോദര പത്നിയെ പരിഗ്രഹിക്കുന്നു. രാവണൻ സീതാപഹരണം ചെയ്യുന്നു. ധർമിഷ്ഠനായ ശ്രീരാമൻ ബാലിയെയും രാവണനേയും നിഗ്രഹിക്കുന്നു. ബാലിയെ വധിക്കുന്ന സമയത്ത് ബാലി ചോദിച്ച ചോദ്യവും ശ്രീരാമന്റെ ഉത്തരവും ശ്രേഷ്ഠം തന്നെ.
"വാനരമാംസമക്ഷ്യമത്രെ '
എന്നും
"ലങ്കാപുരത്തെ തൃകൂടമൂലത്തോടും
ലങ്കാവിഹീനം ദശാസ്യനോടും കൂടെ
ബന്ധിച്ചു ഞാനരനാഴികകൊണ്ടുനി-
ന്നന്തികേ വച്ചു തൊഴുതേനമാദരാൽ'
എന്ന ബാലിയുടെ ചോദ്യത്തിന് അധർമി ആരായാലും വധിക്കപ്പെടേണ്ടതു തന്നെ എന്ന് ശ്രീരാമൻ ഓർമപ്പെടുത്തുന്നു. ബാലിയെ രാവണനിഗ്രഹത്തിനയച്ചാൽ ഒരധർമി -ബാലി - ശേഷിക്കില്ലേ. അതുകൊണ്ടു തന്നെയാണ് ബാലിയേയും രാവണനേയും ശ്രീരാമൻ വധിച്ചത്. ആപത്തൊഴിവാക്കാൻ രാവണൻ മന്ത്രിമാരുമായാലോചിച്ചപ്പോഴും തനിക്കും ലോകത്തിനും ഹിതമായത് സ്വീകരിക്കാൻ രാവണൻ തയാറായില്ല. ആൾബലം കൊണ്ടോ ആയുധശക്തി കൊണ്ടോ രാമനെ ജയിക്കാൻ സാധിക്കില്ലെന്ന വിഭീഷണന്റെ ഉപദേശവും ഫലം കണ്ടില്ല.
"സുഹൃജ്ജനം ചൊന്ന
ഹിതം ഗ്രഹിച്ചിടാ
ദൃഢം ഗതായുസുകൾ
ചാക്കടുത്തവർ'<യi>
എന്ന കവി വാക്യവും ശ്രദ്ധേയം. അഹങ്കാരികൾക്ക് സജ്ജനഉപദേശങ്ങൾ സ്വീകാര്യമാകില്ല എന്നതിന് നല്ല ഉദാഹരണങ്ങളാണിവ. അഹങ്കാരത്തിന്റെ ഫലം നാശം തന്നെയെന്നു വ്യക്തം.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ