ജീവാത്മാവും പരമാത്മാവും
Monday, July 31, 2017 7:41 AM IST
"ജീവാത്മാവെന്നും പരമാത്മാവെന്നതുമോർക്കിൽ
കേവലം പര്യായശബ്ദങ്ങളെന്നറിഞ്ഞാലും
ഭേതമേതുമേയില്ല രണ്ടുമൊന്നത്രേനൂനം
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലൊ'
ജീവാത്മാവെന്നും പരമാത്മാവെന്നും പറയുന്നത് വെറും പര്യായപദങ്ങളാണ്. രണ്ടും ഒന്നു തന്നെ. അവയ്ക്ക് തമ്മിൽ വ്യത്യാസമില്ല. പുഴ കടലുതന്നെയെന്നു പറയുന്നതു പോലെ. പുഴ ഒഴുകി കടലിലേക്ക് ചേർന്നാൽ കടലായി. ആത്മാവ് പരമാത്മാവിലേക്ക് ചേരുന്പോൾ മാത്രമേ പരമജ്ഞാനം നേടാനാകു. ഉദ്ദാലകൻ എന്ന പിതാവ് പുത്രനായ ശ്വേതകേതുവിന് നൽകുന്ന ഉപദേശവും വേറൊന്നുമല്ല.
മോഹങ്ങളില്ലാത്ത മനസ് മായയാൽ ബന്ധിക്കപ്പെടുന്നില്ല. വിശ്വം ഉണ്ടെന്ന് തോന്നുന്നതും മായ തന്നെ. പരമാത്മാവിന്റെ അംശം പ്രാപഞ്ചികമായ ശരീരത്തിൽ പ്രവർത്തിക്കുന്നു. പരമാത്മാവിലേക്ക് ലയിക്കേണ്ട മനസ് പ്രാപഞ്ചികമായ ശരീരത്തിൽ പ്രവർത്തിക്കുന്നു. പരമാത്മാവിലേക്ക് ലയിക്കേണ്ട മനസ് വികാരപ്രേരണയാൽ അടിപതറാതെ നിൽക്കണം. ഈ അറിവ് നേടിയാൽ ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയായി. ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയാണെന്ന ബോധമാണ് മുക്തി. സ്വപ്നതുല്യമാണീ ലോകം. ധ്യാനവും ജപവും ഉപാസനയും പരമാത്മാവിലേക്ക് ഒഴുകി ചേരുന്നത് എളുപ്പമാക്കും. ജീവമുക്ത മനസ് രാമായണ തത്ത്വമായ "അസത്തിൽ നിന്ന് സത്തിലേക്ക് ' ഉള്ള യാത്ര സുഗമമാക്കും. ധർമസങ്കടങ്ങളിൽപ്പെട്ടുഴലുന്പോൾ തന്റെ കർമവും ഫലവും പരമാത്മാവിൽതന്നെ അർപ്പിക്കുക.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ