മോക്ഷത്തിലേക്കുള്ള വഴി
Wednesday, August 2, 2017 8:01 AM IST
"മാനവവീരൻ മുഖാംബുജം പാർത്തു
വാനരദേഹമുപേക്ഷിച്ചു ബാലിയും
യോഗീന്ദ്ര വൃന്ദ ദുരാപമായുള്ളൊരു
ലോകം ഭഗവൽപദം ഗമിച്ചീടിനാൻ'
രാമബാണമേറ്റ ബാലി രാമപാദങ്ങളിൽ എത്തിച്ചേരുന്നു. ശ്രീരാമചന്ദ്രന്റെ മുഖകമലം നോക്കി, യോഗീന്ദ്രൻമാർക്കു പോലും പ്രാപിക്കാൻ പ്രയാസമുള്ള വിഷ്ണുപദത്തിലെത്തി.
കുറച്ചു കഥാപാത്രങ്ങളുടെ കഥയല്ല രാമായണം. മറിച്ച്, ഇന്നത്തെ യുവത്വത്തിനുള്ള സന്ദേശസമാഹാരമാണ്. ഓരോ കഥാപാത്രങ്ങളും രാമന്റെ സാമിപ്യത്താൽ മഹത്തുക്കളായി തീരുന്നു. മോഹങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പരമപദം പൂകിയവർ. പരമാത്മാവിനെ പരമലക്ഷ്യമായി കണ്ടു അവർ. ശാപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ശ്രീരാമദർശനത്താൽ മോക്ഷം നേടിയവർ. താടക, അഹല്യ, കബന്ധൻ, ബാലി തുടങ്ങിയവർ. വിഷ്ണുവിനാൽ മരണം നേടാനായി സീതാപഹരണം വരെ നടത്തിയ അഹങ്കാരിയായ രാവണൻ വരെ നീളുന്നു ആ പട്ടിക.
ഇവർ മാനവരാശിക്കു തന്ന സന്ദേശങ്ങൾ അത്യുത്തമം. തെറ്റിൽ നിന്ന് തെറ്റിലേക്ക് വഴുതിവീണിട്ടും രാമശരമേറ്റ് സദ്ഗതി നേടിയവർ. നേടാനും നഷ്ടപ്പെടാനും ഒന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞവർ. കൊള്ളയടിച്ചു നടന്ന രത്നാകരൻ പോലും മഹർഷിയായി തീർന്ന മാതൃക. തെറ്റുചെയ്തിട്ടും മനുഷ്യമനസിൽ ഇടംനേടിയവർ. മനസിലെ ദുർമേദസ് നീങ്ങി ഈശ്വരസാന്നിധ്യത്തിലെത്തിയവർ. അജ്ഞത നീങ്ങി ജ്ഞാനം നേടിയവർ. ശരീരക്ഷേത്രത്തിൽ ഈശ്വരനെ വാഴിച്ചു അവർ. ഇതു തന്നെയായിരിക്കണം ഓരോ മനുഷ്യന്റെയും ലക്ഷ്യം. തെറ്റിൽ നിന്ന് ശരിയിലേക്ക്. ശരി -ധർമം -മാത്രമേ ജീവിതയാത്ര സുഗമമാക്കു എന്ന ഉത്തമധൃഷ്ടാന്തം. രാമായണ പാരായണത്തിന്റെ ലക്ഷ്യവും അത്രതന്നെയായിരിക്കട്ടെ.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ