മായയെ ജയിക്കാനുള്ള മാർഗം
Thursday, August 3, 2017 4:19 AM IST
"രാമശിരസും ധനുസുമിതെന്നുടൻ
വാമാക്ഷി മുന്നിലമ്മാറുവെച്ചീടിനാൻ
ആയോധനേ കൊന്നു കൊണ്ടു പോന്നേനെന്നു-
മായയാ നിർമിച്ചു വെച്ചതു കണ്ടപ്പോൾ'
രാമന്റെ ശിരസും വില്ലും ഇതാ എന്നു പറഞ്ഞു മായാനിർമിതമായ അവയെല്ലാം സീതയുടെ മുന്നിൽവച്ചു രാവണൻ. സത്യമെന്നു ധരിച്ച സീതാദേവി ബോധരഹിതയായി വീണു. ഇവിടെ മായാവികളായാണ് രാക്ഷസൻമാരെ കവി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. രാമപക്ഷത്തുള്ള കപിശ്രേഷ്ഠൻമാരിൽ ആരെയും തന്നെ മായാവികളായി കവി അവതരിപ്പിക്കുന്നില്ല. വാനരവീരൻമാർ ആർജവമുള്ളവരും ബലവാൻമാരാണെന്നും കവി പറയുന്നുണ്ട്.
നല്ല വിചാരങ്ങൾക്ക് മായാശേഷി ഇല്ല. ഇതു നമ്മുടെ മനസിലേക്ക് എത്തിക്കുക എന്നതു തന്നെയായിരിക്കണം എഴുത്തച്ഛന്റെ ഉദ്ദേശ്യവും. മനുഷ്യമനസിലെ കാമം വേഷം മാറിവരാം. ചതി തന്നെയായിരിക്കും ഈ മനസുകളുടെ ലക്ഷ്യവും. നല്ല മനസുകൾക്ക് മായാശേഷിയില്ലാത്തതിനാൽ ആരെയും ചതിയിൽപ്പെടുത്താൻ സാധ്യവുമല്ല. മായാവിയായ മാരീചൻ സീതയെ ചതിയിൽപ്പെടുത്തി. രാവണൻ സന്യാസി വേഷമണിഞ്ഞ് സീതയെ അപഹരിച്ചു. ധർമിഷ്ഠയായ മണ്ഡോദരിയുടെ പുത്രനായിട്ടുപോലും ഇന്ദ്രജിത്തിന് മനുഷ്യമനസിനെ മോഹിപ്പിക്കാൻ കഴിയുന്നു.
മനുഷ്യമനസിന്റെ ഈ മാറ്റങ്ങളെ തിരിച്ചറിയുക ക്ലേശം തന്നെയാണ്. ആ തിരിച്ചറിവ് നേടാനുള്ള മാർഗം തന്നെയാണ് ഭക്തി. മായാവികളായ രാക്ഷസൻമാരെ ജയിക്കാൻ വാനരസേനയ്ക്ക് സാധിച്ചത് തന്റെ സ്വാമിയോടുള്ള അചഞ്ചല ഭക്തി കാരണമാണ്. നാം ഓരോരുത്തരും രാമമനസ് നേടിയാൽ മായാവികളുടെ മനസിനെ - വികാരങ്ങളെ - കീഴ്പ്പെടുത്തി വിവേകത്തെ നേടിയെടുക്കാൻ സാധിക്കും എന്നതിന്റെ തെളിവ് തന്നെയാണ് രാമരാവണ യുദ്ധം.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ