സ്നേഹം തന്നെ ഭക്തി
Sunday, August 6, 2017 5:23 AM IST
"ഭക്തി വർധിച്ചാൽ പിന്നെ മറ്റൊന്നും വരേണ്ടതി-
ല്ലുത്തമോത്തമന്മാരായുള്ളോരവരല്ലൊ'
രാമായണത്തിൽ ഭഗവാനെ ഭജിക്കുന്നവരുടെയെല്ലാം പരമമായ ലക്ഷ്യം തങ്ങൾക്ക് അചഞ്ചലമായ ഭക്തി ഉണ്ടാകണം എന്നാണ്.
ഭക്തി ജ്ഞാന, വൈരാഗ്യങ്ങൾക്ക് കാരണമാകും. ത്യാഗത്തിലൂടെയാണ് യഥാർഥ സ്നേഹം കൈവരിക്കാൻ സാധിക്കുന്നത്. ദശരഥ മിത്രമായ ജഡായു രാമനോടുള്ള സ്നേഹത്താൽ രാവണനോട് ഏറ്റുമുട്ടുന്നു. ജഡായുവിന്റെ സ്നേഹം, ത്യാഗം രാമന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു. ധർമനിഷ്ഠ കൈക്കൊള്ളുന്നവർ ഏതു വർഗത്തിലുമുണ്ടാകും എന്നത് ജഡായുവിന്റെ ഈ പ്രവൃത്തി തെളിയിക്കുന്നു. സ്നേഹം തന്നെയാണ് ഭക്തി എന്ന് തന്റെ പ്രവൃത്തിയാൽ ഹനുമാനും തെളിയിച്ചു. ഇതുകൊണ്ടു തന്നെ ഹനുമാൻ രാമായണത്തിലെ ഉത്തമ കഥാപാത്രമായി.
എത്രകഴിവുകളുണ്ടായിട്ടും അഹങ്കാരം കൈമുതലാക്കിയ രാവണനെ അധർമിയാക്കി. സഹോദരനോടുള്ള സ്നേഹമില്ലായ്മ രാവണന് നാശത്തിലേക്കുള്ള വഴിയൊരുക്കി. സ്നേഹമുള്ള മനസിൽ മാത്രമേ ഈശ്വരവാസമുള്ളു. ശ്രീരാമൻ വാല്മീകിയോട് ചോദിക്കുന്ന ചോദ്യവും അതുതന്നെയല്ലെ. എനിക്കു വസിക്കാനുള്ള ഇടം പറഞ്ഞുതരൂ എന്ന ശ്രീരാമന്റെ ചോദ്യത്തിന് സ്നേഹമുള്ള മനസിൽ അങ്ങേക്കു വസിക്കാം എന്ന വാല്മീകി മഹർഷിയുടെ ഉത്തരം ഇന്നും പ്രസക്തം. ശരീര ക്ഷേത്രത്തിൽ സ്നേഹമെന്ന ഈശ്വരനെ വാഴിച്ചാൽ ബന്ധനമോ ദുഃഖമോ ഇല്ല. ഭരത-ലക്ഷ്മണൻമാർ സഹോദര സ്നേഹത്തെ ഉദാത്തമായ വിതാനങ്ങളിൽ എത്തിക്കുന്നു. ഈ സ്നേഹം തന്നെയാണ് ഭക്തി. രാമായണമെന്ന മഹാകാവ്യം തരുന്ന സന്ദേശവും അതുതന്നെ.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ