അഹല്യാമോക്ഷം
Monday, August 7, 2017 12:55 AM IST
"ഇങ്ങനെ പല ദിവ്യവത്സരം കഴിയുന്പോ-
ളിങ്ങെഴുന്നള്ളും രാമദേവനുമനുജനും
ശ്രീരാമപാദാംബുജ സ്പർശമുണ്ടായിടുന്നാൾ
തീരും നിൻ ദുരിതങ്ങളെല്ലാമറിഞ്ഞാലും'
അനേകം ദിവ്യ വർഷങ്ങൾ കഴിയുന്പോൾ ശ്രീരാമനും അനുജനും ഇവിടേക്ക് എഴുന്നള്ളും. ശ്രീരാമന്റെ പാദസ്പർശത്താൽ നിന്റെ എല്ലാ ദുരിതങ്ങളും നീങ്ങും. -ഗൗതമ മഹർഷി അഹല്യാദേവിക്കു നൽകുന്ന ശാപമോക്ഷ വചനങ്ങളാണിവ.
രാമായണം പാരായണം ചെയ്യുന്ന ആർക്കും ഒരു സംശയം ജനിക്കാം. ഗൗതമ വേഷം ധരിച്ചെത്തിയാണ് ഇന്ദ്രൻ അഹല്യയെ പ്രാപിച്ചത്. തെറ്റു ചെയ്യാത്ത അഹല്യക്ക് ശാപം ലഭിക്കാൻ കാരണമെന്തേ? ന്യായയുക്തമായ ചോദ്യം. ഭാരതീയ സംസ്കാരത്തിൽ ദാന്പത്യജീവിതം അന്യോന്യമുള്ള സ്നേഹ ബഹുമാനാദികളും തിരിച്ചറിവും ആണ്. പ്രഭാതസ്നാനത്തിനു പോയ ഗൗതമ മഹർഷി ഒരു നാളും ഇത്തരത്തിലുള്ള ഇംഗിതം കാണിച്ചിട്ടില്ല. പതിവ്രതയായ സ്ത്രീ തിരിച്ചറിയേണ്ടതും ഇതുതന്നെ. അഥവാ, ഗൗതമൻ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാലും ഭർത്താവിന്റെ കർമത്തിന് വിഘാതം നിൽക്കാതെ പിന്തിരിപ്പിക്കേണ്ടതായിരുന്നു. ഇതുതന്നെയാണ് എഴുത്തച്ഛൻ നമുക്ക് നൽകിയ ഉത്തമ സന്ദേശം.
അന്യോന്യമുള്ള തിരിച്ചറിവ് തന്നെയാണ് ദാന്പത്യജീവിതം തടസമില്ലാതെ ഒഴുക്കേണ്ടത്. ഭർത്താവ് തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചാലും ഉത്തമയായ ഭാര്യ അത് തിരുത്തി ശരിയായ പാതയിലേക്ക് നയിക്കേണ്ടതാണ്. തെറ്റ് തിരിച്ചറിഞ്ഞ അഹല്യ ശാപം ഏറ്റുവാങ്ങി വിഷ്ണു പാദത്തിൽ അലിഞ്ഞ് ഉത്തമയായിത്തീരുന്നു.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ