അവതാരപുരുഷന്റെ ദുഃഖം
Wednesday, August 9, 2017 10:55 PM IST
"മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാൻ
കാര്യമാനുഷൻ മൂഢാത്മാക്കളെയൊപ്പിപ്പാനായ്
തത്ത്വജ്ഞാനന്മാർക്ക് സുഖദുഃഖ ഭേദങ്ങളൊന്നു-
ചിത്തേ തോന്നുകയുമില്ലജ്ഞാനമില്ലായ്കയാൽ'
ഭഗവാൻ ശ്രീരാമൻ ദുഃഖിതനായി അഭിനയിച്ചത് മൂഢബുദ്ധികളെ വിശ്വസിപ്പിക്കുന്നതിനായാണ്. പരമാർഥ ജ്ഞാനികൾക്ക് അജ്ഞാനം ഇല്ലാതായാൽ സുഖദുഃഖ ഭേദങ്ങളൊന്നും തോന്നുകയില്ലതന്നെ.
മറിച്ച് മൂഢൻമാർ, തന്റെ സ്വരൂപത്തെ അറിയാത്തവർ സത്യത്തെ തിരിച്ചറിയാത്തവർ തന്നെ. ശ്രീരാമന് തന്റെ അവതാരലക്ഷ്യം ബോധ്യമുണ്ട്. നാരദമഹർഷി ശ്രീരാമനെ ഓർമിപ്പിച്ചതും അതുതന്നെ. വികാരങ്ങൾക്ക് മനുഷ്യരാരും അതീതരല്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു അവതാരപുരുഷൻ. സാധാരണ മനുഷ്യൻ ദുഃഖത്തെ എങ്ങനെ നേരിടും എന്നതിനെ ബോധ്യപ്പെടുത്തുന്നു അവതാര പുരുഷൻ. തിരിച്ചറിവ് നേടിയാൽ ഏത് വികാരത്തെയും കീഴ്പെടുത്താൻ സാധിക്കും എന്ന് കാണിച്ചുതരുന്നു ശ്രീരാമന്റെ ഈ പ്രവൃത്തി.
മനുഷ്യജീവിതത്തിൽ നേരിടേണ്ടി വരുന്ന ദുഃഖങ്ങളെ തിരിച്ചറിയാൻ ജ്ഞാനം നേടിയേ പറ്റൂ. ആ ജ്ഞാനത്തിലൂടെ അടിപതറാതെയും ധർമനിഷ്ഠയ്ക്ക് തെല്ലും മങ്ങലേൽക്കാതെയും തന്റെ കർമം പൂർത്തീകരിക്കാൻ സാധിക്കും എന്ന് കാണിച്ചുതന്നു ശ്രീരാമൻ സ്വന്തം പ്രവൃത്തിയിലൂടെ. ഏത് തരം വികാരത്തിന്റെ തള്ളിച്ചയിലും തളരാതെ നിൽക്കാൻ ഈ തിരിച്ചറിവ് നമ്മെ സഹായിക്കും -തീർച്ച.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ