സീതാപഹരണം
Wednesday, August 9, 2017 11:10 PM IST
"നീയൊരുകാര്യം വേണമതിനുമടിയാതെ
മായാസീതയെ പർണശാലയിൽ നിർത്തീടണം
വഹ്നിമണ്ഡലത്തിൽ മറഞ്ഞുവസിക്കനീ
ധന്യേ രാവണവധം കഴിഞ്ഞുകൂടുവോളം'
ധന്യേ, നീയൊരു കാര്യം ചെയ്യണം. ഈ ആശ്രമത്തിൽ മായാസീതയെ സൃഷ്ടിച്ച് നിർത്തിയിട്ട്, രാവണവധം കഴിയും വരെ, ധർമസംരക്ഷണത്തിനായി ലോകത്തിന് ആശ്രയമായിട്ടുള്ള നീ ഒരു വർഷം അഗ്നിമണ്ഡലത്തിൽ മറഞ്ഞിരിക്കുക.
രാമായണം പാരായണം ചെയ്യുന്നവർ ഈ ഭാഗം ശ്രദ്ധിച്ച് വായിച്ചാൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരമായി. ലക്ഷ്മണനെ ഭർത്സിക്കുന്നു സീത. ലക്ഷ്മണനെ അത്രയധികം വിശ്വാസമുള്ള സീത ലക്ഷ്മണനോട് കയർക്കാൻ കാരണമെന്തേ. ഉത്തരം മേൽവിവരിച്ച വരികളിൽ സുവ്യക്തം. രാവണവധം തന്നെ ലക്ഷ്യം. സഹായത്തിനു ലക്ഷ്മീ ദേവിയും. ഇന്ദ്രിയങ്ങളെ ജയിക്കാൻ സാധിക്കാത്ത രാവണന് സത്യമേത് മിഥ്യയേത് എന്ന തിരിച്ചറിവില്ലാതെ പോയി. അഥവാ, മിഥ്യയാണെന്ന് ബോധ്യമുണ്ടെങ്കിലും വിഷ്ണുവിന്റെ കരങ്ങളാൽ മൃത്യു ആഗ്രഹിച്ചിരിക്കാം രാവണൻ. മായാസീതയാണെങ്കിലും ലക്ഷ്മണസാന്നിധ്യം പാടില്ല എന്നതിനാൽ തന്നെയായിരിക്കാം സീത ലക്ഷ്മണനെ ശാസിച്ചതും.
എന്താണ് മായ, എന്താണ് തന്റെ കർത്തവ്യം എന്നത് രാമായണം വായിക്കുന്നവർക്ക് മനസിലാക്കാൻ പ്രയാസമില്ല. ലക്ഷ്യം നിശ്ചയിച്ചാൽ അത് നേടുന്നതുവരെ ഈ ചിന്ത തന്നെയായിരിക്കണം. ലക്ഷ്യപ്രാപ്തിക്കുള്ള തടസം നീക്കാൻ, ബുദ്ധി നേർവഴിക്ക് നടത്താൻ പരമാത്മശക്തി തന്നെ തുണയാകും. രാമായണത്തിലൂടെ ഈ സത്യം മനസിലാക്കിയാൽ ജീവിതം ധന്യമായി.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ