ഭരണാധികാരികൾക്കുള്ള സന്ദേശം
Friday, August 11, 2017 5:48 AM IST
"ലക്ഷ്മണനോടരുൾ ചെയ്തു രാമനും
രക്ഷോവരനാം വിഭീഷണനായ് മായാ-
ദത്തമായോരു ലങ്കാരാജ്യമുൾപ്പുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ'
ലക്ഷ്മണനോടായ് രാമൻ പറഞ്ഞു -രാക്ഷസ ശ്രേഷ്ഠനായ വിഭീഷണന് ഞാൻ നൽകിയ രാജ്യത്തിലെത്തി അവന് രാജ്യാഭിഷേകം നടത്തുക.
തനിക്കർഹതപ്പെടാത്തതൊന്നും സ്വീകരിക്കരുതെന്ന് രാമചന്ദ്രപ്രഭു നമുക്ക് തരുന്ന അതിശ്രേഷ്ഠമായ സന്ദേശം. ലോകത്തിനു തന്നെ സ്വീകാര്യമായത്. സാമ്രാജ്യം വെട്ടിപ്പിടിച്ച് വിസ്തൃതമാക്കാൻ വെന്പൽകൊള്ളുന്ന ഓരോ ഭരണാധികാരികൾക്കുമുള്ള സന്ദേശം. രാവണനെ യുദ്ധത്തിൽ കീഴ്പ്പെടുത്തി വധിച്ച രാമൻ ലങ്കാപുരിയുടെ ഭരണസാരഥ്യം യഥാർഥ അവകാശിയായ വിഭീഷണന് നൽകുന്ന മഹദ് കർമം. എല്ലാം എനിക്കു മാത്രമെന്ന ചിന്തയുള്ള അത്യാഗ്രഹികളായ ഭരണാധികാരികൾക്കുള്ള നീതിശാസ്ത്രം. ആരു നശിച്ചാലും താൻ മാത്രം ഉയരണമെന്ന് ചിന്തിക്കുന്ന ഇന്നത്തെ രാഷ്ട്രീയക്കാർക്കുള്ള സന്ദേശം.
ഈ ഓർമപ്പെടുത്തൽ തന്നെയാണ് രാമായണം ഇന്നും നിലനിൽക്കാനും പ്രചരിക്കാനും നിദാനം. പത്തരമാറ്റോടെ മനുഷ്യമനസിൽ തെളിഞ്ഞുനിൽക്കാനും കാരണം അതുതന്നെ. ശക്തി കൊണ്ട് നേടിയെടുക്കുന്നത് തന്റെ ശക്തി ക്ഷയിച്ചാൽ തന്നെ കീഴ്പ്പെടുത്തും എന്ന് ഓരോ മനുഷ്യനെയും ഓർമപ്പെടുത്തുന്ന സന്ദേശം. മനുഷ്യമനസിൽ രാമൻ കുടികൊണ്ടാൽ മാത്രമേ നൻമ വരു, നമുക്കും രാജ്യത്തിനും ലോകത്തിനും. രാമായണം ലോകജനതയെ ഇത്രയധികം ആകർഷിക്കാനുള്ള കാരണവും ഇതു തന്നെ. ഓരോരുത്തരും രാമമനസുള്ളവരാകട്ടെ. ലോകാസമസ്താ സുഖിനോ ഭവന്തു എന്ന ഉപനിഷത് മന്ത്രം യാഥാർഥ്യമാകട്ടെ.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ