മാരീച വധം വൈകിയാൽ
Saturday, August 12, 2017 10:48 PM IST
പിന്നെ മറ്റെങ്ങുമൊരു ശരണമില്ലാത്തവ-
"നെന്നെ രക്ഷിക്കേണ'മെന്ന ഭയം പൂക്കീടിനാൻ
സുബാഹുവും മാരീചനും യാഗതടസത്തിനെത്തിയപ്പോൾ ശ്രീരാമൻ രണ്ടു ശരങ്ങളയയ്ക്കുന്നു. ഒന്ന് സുബാഹുവിനെ വധിക്കുന്നു. ഇനി ഒരിടത്തും രക്ഷയില്ല എന്നറിഞ്ഞ മാരീചൻ രക്ഷിക്കണേ എന്ന് പറഞ്ഞ് രാമപാദത്തിൽ അഭയം തേടി. ഭക്തവത്സലനായ ശ്രീരാമൻ മാരീചന് അഭയം നൽകി, മരണത്തിൽ നിന്നും രക്ഷിച്ചു.
താടക നമ്മുടെ മനസിനെ താഡിക്കുന്ന ദുഃഖങ്ങൾ തന്നെ. അതിനെ വധിക്കാൻ ഒരൊറ്റ മാർഗമേയുള്ളു. മനസിൽ നാമസങ്കീർത്തനം നിറയ്ക്കുക. ദുഃഖങ്ങളാകുന്ന താടകയെ വധിക്കാൻ രാമനാമങ്ങളല്ലാതെ വേറൊരു ആയുധവുമില്ല. മനസിനെ മദിക്കുന്ന ദുഃഖങ്ങളെ നമുക്ക് ഇല്ലാതാക്കാനായാലും നാം വിട്ടുവീഴ്ച ചെയ്ത മാരീചൻമാർ വീണ്ടും വന്നേക്കാം. മാരീചനോട് വിട്ടുവീഴ്ച ചെയ്ത രാമന് ദുഃഖം നൽകിയതും മാരീചനല്ലൊ. മാരീചൻ എന്നാൽ ജലം - കണ്ണീർ - എന്നർഥം ഗ്രഹിക്കാം. നമ്മുടെ ജീവിതത്തെ താളം തെറ്റിക്കാൻ മാരീചൻമാർക്ക് സാധിക്കും.
മനസിലെ താടകയെ നാമസങ്കീർത്തനമെന്ന രാമബാണത്താൽ വധിക്കുകയും മാരീചൻമാർക്ക് അഭയം നൽകാതിരിക്കുകയും ചെയ്താൽ ജീവിതം ധന്യമായി. രാമായണം നൽകുന്ന സന്ദേശങ്ങളിൽ ഏറ്റവും ഉത്തമമായി ഈ സന്ദേശത്തെ കാണുന്നു. രാമനാമം മുഴങ്ങട്ടെ എങ്ങും. മാരീചൻമാരും സുബാഹുക്കളും താടകമാരും ഇല്ലാത്ത ഒരു രാമരാജ്യം മനസിൽ സൂക്ഷിച്ചുകൊണ്ട് ഈ രാമായണമാസം നമുക്ക് ധന്യമാക്കാം.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ