രാമായണ പാരായണം എന്തിന് ?
Monday, August 14, 2017 2:35 AM IST
"ആർഷമീയാദ്യമാം കാവ്യം
പണ്ട് വാല്മീകിയാൽ കൃതം-
ചൊൽകയും കേൾക്കയും ചെയ് വോൻ
പാരിൽ പാപവിമുക്തനാം'
കവിവാക്യം അനശ്വരം. പരമമായ സത്യം. രാമായണ പാരായണം നമുക്ക് നേടിത്തരുന്നത് എന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം - സുഖവും സമാധാനവും കൈവരുന്നു, ഭയങ്ങളെ അകറ്റാം, സ്നേഹം എന്ന തത്ത്വം മനസിൽ ഊട്ടിഉറപ്പിക്കാം, ഭക്തി വർധിപ്പിക്കാം, സകലജീവജാലങ്ങളേയും സ്നേഹിക്കാനുള്ള മനസ് നേടിയെടുക്കാം, ആഗ്രഹങ്ങൾ ഇല്ലാതാക്കാം, വിവേകമുള്ള മനസ് നേടിയെടുക്കാം. രാമായണപാരായണത്തോടെ ഈ തത്ത്വങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചവരെ ജനം ആദരിക്കുന്നു, ശ്രീരാമനെപ്പോലെ. ശരീരം ശുചിയാക്കുന്നതു പോലെ വികാരത്തിന് അടിമപ്പെട്ട മനസിനെ വിവേകത്തിലേക്ക് ഉയർത്താൻ സാധിക്കുന്നു. ധർമനിഷ്ഠ പരമലക്ഷ്യമായി കാണാൻ സാധിക്കുന്നു.
"ജീവാത്മാവെന്നും പരമാത്മാവുമെന്നോർക്കിൽ
കേവലം പര്യായ ശബ്ദങ്ങളെന്നറിഞ്ഞാലും'
രണ്ടും ഭേദമില്ലെന്നു പറയുന്പോൾ പരമാത്മാവിൽ നിന്നു പുറപ്പെട്ട് വന്നത് തന്നെയാണ് ജീവാത്മാവെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു. രാമായണം നമുക്ക് തരുന്ന സന്ദേശവും അതുതന്നെയാണ്. അനാവശ്യ ചോദ്യങ്ങളെ അകറ്റിനിർത്താം. നല്ല ഉത്തരങ്ങൾ നൽകുന്ന രാമായണം പാരായണം ചെയ്ത് നിർവൃതി അടയാം. ഉത്തമ മനുഷ്യനായി ജീവിതം മുന്നോട്ട് നയിക്കാം. സ്വത്വ ഗുണമെന്ന സ്വർഗപ്രാപ്തി നേടാം.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ