രാമായണം ലോകശ്രദ്ധയിൽ
Wednesday, August 16, 2017 1:19 AM IST
"യാവത് സ്ഥ്യാസന്തിഗിരിയ
സരിതശ്ച മഹീതലേ
താവദ് രാമായണകഥാ
ലോകേഷു പ്രചരിഷ്യതി'
വാല്മീകിയുടെ ദൃഢവിശ്വാസത്തിന്റെ വരികൾ. ലോകത്തിൽ മലകളും നദികളും ഏതുവരെ നിലനിൽക്കുന്നുവോ അതുവരെ രാമായണ കഥ ലോകത്തിൽ പ്രചരിച്ചുകൊണ്ടേയിരിക്കും.
രാമായണം ഭാരതസംസ്കാരത്തിന്റെയും ജീവിതത്തിന്റെയും പ്രത്യേകത ലോകത്തിനു തന്നെ കാണിച്ചു കൊടുത്ത അതിമഹത്തായ സന്ദേശഗ്രന്ഥം. ഇന്ത്യയിലെ മിക്ക ഭാഷകളിലും മാത്രമല്ല പലവിദേശഭാഷകളിലും രാമായണം രചിക്കപ്പെട്ടിട്ടുണ്ട്. ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും രാമായണം രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും വാത്മീകി രാമായണമാണ് വിശിഷ്ടമായിട്ടുള്ളത്.
എന്താണ് രാമായണത്തിന് ലഭിച്ച മഹത്വത്തിന് കാരണം. അതിലെ കഥാപാത്രങ്ങളുടെ പ്രത്യേകത തന്നെയെന്ന് സംശയലേശമെന്യെ പറയാൻ സാധിക്കും. നായകനും പ്രതിനായകനും ഉത്തമർ. സ്ത്രീകൾ പതിവ്രതാ രത്നങ്ങൾ. ലോകം രാമായണത്തെ ആദരിച്ചില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ധർമത്തെ മുറുകെ പിടിച്ചവൻ ശ്രീരാമൻ. പതിവ്രതാ രത്നങ്ങൾ സീതയും മണ്ഡോദരിയും. ശിവഭക്തനായ രാവണൻ സീതയെ അപഹരിച്ചത് തനിക്ക് നേരത്തെ തന്നെ ലഭിച്ച ജ്ഞാനം കാരണംതന്നെ. വിഷ്ണുവിന്റെ കൈയാൽ മരണവും മോക്ഷവും ലഭിക്കുമെന്ന ജ്ഞാനം. മാർഗം തെറ്റെന്ന് ബോധ്യമുണ്ടായിട്ടും മോക്ഷം ലക്ഷ്യമായി സ്വീകരിച്ചു രാവണൻ. സാഹചര്യം തെറ്റിലേക്ക് തള്ളിവിട്ട ബാലിക്കും മോക്ഷം ശ്രീരമനാൽ തന്നെ. അധഃകൃതയെന്ന് മറ്റുള്ളവർ ആക്ഷേപിച്ച ശബരിക്കും മോക്ഷം ശ്രീരാമനാൽ തന്നെ. മാരീചൻ, സുബാഹു തുടങ്ങിയവരും രാമബാണത്താൽ മരണശേഷം മോക്ഷം പൂകി.
കഥാപാത്രങ്ങളുടെ പ്രത്യേകത രാമായണത്തെ സന്പുഷ്ടമാക്കി. വ്യക്തി സ്വീകരിക്കേണ്ട നന്മകളെ കാണിച്ചുതന്നു രാമായണം.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ