കാൻസറിനെതിരേ കേരളം ഉണരുന്നു; ദീപിക ക്യാപ്@കാന്പസ് പദ്ധതിക്കു തുടക്കം
Thursday, October 5, 2017 4:16 AM IST
കോട്ടയം: കാൻസർ ബോധവത്കരണവും പ്രതിരോധവും ലക്ഷ്യമിട്ട് ദീപികയും സർഗക്ഷേത്രയും മെഡിമിക്സും വേൾഡ് മലയാളി കൗണ്‍സിലും ചേർന്നു നടപ്പാക്കുന്ന ക്യാപ് @കാംപസ് പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു നിറപ്പകിട്ടാർന്ന തുടക്കം. മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം മഞ്ജു വാര്യർ ഉദ്ഘാടനം നിർവഹിച്ചു.
പ്രശസ്ത കാൻസർരോഗ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരന്റെ മാർഗനിർദേശത്തിലാണു പദ്ധതി നടപ്പാക്കുന്നത്. പുണ്യം നിറഞ്ഞ പദ്ധതിയാണ് ക്യാപ്@കാംപസ് എന്നു മഞ്ജു വാര്യർ പറഞ്ഞു. രോഗം വരുന്നതിന് മുന്‍പുള്ള ബോധവത്കരണവും രോഗത്തോടുള്ള പ്രതിരോധവും ഏറെ പ്രയോജനകരമാണ്. എന്റെ മാതാപിതാക്കൾക്കു കാൻസർ രോഗമുണ്ടായിരുന്നു. രോഗത്തെ അതിജീവിച്ച ചാന്പ്യന്മാരാണ് അവർ. കാൻസർ രോഗത്തെ തോൽപ്പിച്ച അച്ഛനും അമ്മയും തന്ന ആത്മവിശ്വാസം വലുതാണ്- മഞ്ജു പറഞ്ഞു.
മെഡിമിക്സ് എംഡി ഡോ.എ.വി. അനൂപ് മുഖ്യപ്രഭാഷണം നടത്തി. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം പദ്ധതി അവതരിപ്പിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസിസ് ജോസഫ്, ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, കെഇ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ, കെഇ കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി തോമസ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുരേഷ് റിച്ചാർഡ്, സർഗക്ഷേത്ര സെക്രട്ടറി വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി മഞ്ജു വാര്യർ ബോധവത്കരണ കൈപ്പുസ്തകം പ്രകാശനംചെയ്തു.
ക്യാപ് @ കാംപസ് പദ്ധതിയുടെ രണ്ടാം വർഷ പ്രവർത്തനങ്ങൾക്കു മുന്നോടിയായുള്ള ലോഗോ പ്രകാശനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നേരത്തെ നിർവഹിച്ചിരുന്നു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ സ്കൂൾ, കോളജുകൾക്കു പദ്ധതിയിൽ പങ്കാളികളാകാം. രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനു ദീപികയും സർഗക്ഷേത്രയും മെഡിമിക്സും വേൾഡ് മലയാളി കൗണ്‍സിലും നേതൃത്വം നൽകും. പദ്ധതിയുടെ ഭാഗമായി മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ വനിതാ കലാലയങ്ങളിലും സ്കൂളുകളിലും ബ്രസ്റ്റ് കാൻസർ ബോധവത്കരണവും നിർണയ ക്യാന്പും നടത്തും.