ആരോഗ്യബോധവത്കരണ നേട്ടവുമായി ക്യാപ് @കാന്പസ് രണ്ടാം ഘട്ടത്തിലേക്ക്
Thursday, October 5, 2017 4:21 AM IST
കേരളത്തിലെ കാൻസർരോഗ വ്യാപനത്തിന്റെ ഗുരുതരാവസ്ഥ ഇതിനോടകം പല പഠനങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്. ഏറെ ആരോഗ്യബോധമുള്ള ജനതയാണെങ്കിലും ജീവിതശൈലീരോഗങ്ങൾ അഭൂതപൂർവമായി വർധിക്കുന്നു. ഇതിൽ കാൻസറിന്റെ വ്യാപനമാണ് ഏറെ ആശങ്ക ഉളവാക്കുന്നത്. ആശങ്ക വളരുന്പോഴും ബോധവത്കരണ പ്രവർത്തനങ്ങളോ പ്രതിരോധ നീക്കങ്ങളോ വേണ്ടത്ര സജീവമല്ല. സംസ്ഥാനത്തു വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമാണു കാൻസർ ചികിത്സ ലഭിക്കുന്നത്. മികച്ച ചികിത്സയ്ക്കുള്ള സൗകര്യം തുലോം കുറവാണ്. ചികിത്സച്ചെലവിന്റെ കാര്യം പറയുകയും വേണ്ട. പാവപ്പെട്ടവരും സാധാരണക്കാരും ഭീതിയോടെയാണ് ഈ രോഗത്തെക്കുറിച്ചു പറയുന്നതുതന്നെ. എന്നിരുന്നാലും യാഥാർഥ്യത്തെ നാം നേരിട്ടല്ലേ മതിയാവൂ.
പ്രതിവർഷം അന്പതിനായിരം കാൻസർ രോഗികളെയാണ് കേരളത്തിൽ കണ്ടെത്തുന്നതെന്ന് രണ്ടു വർഷം മുന്പു നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഭൂതപൂർവമായ ഈ രോഗവ്യാപനത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. കാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന മുറവിളി ഉയരുന്പോഴും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തുന്നതിനും പ്രതിരോധ നടപടികൾക്കും വേണ്ടത്ര ഊന്നൽ കൊടുക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ വൻവിപത്തിനെ നേരിടാൻ ദീപികയും ചങ്ങനാശേരി ചെത്തിപ്പുഴയിലുള്ള സർഗക്ഷേത്രയും കൈകോർത്തത്. മാധ്യമരംഗത്തു സാമൂഹ്യപ്രതിബദ്ധതയുടെ ദീപശിഖ എന്നും ഉയർത്തിപ്പിടിക്കുന്ന ദീപികയും കലാ, സാഹിത്യ, സാംസ്കാരിക, ജീവകാരുണ്യരംഗങ്ങളിൽ നിസ്തുലസേവനമനുഷ്ടിക്കുന്ന സർഗക്ഷേത്രയും കാൻസർ ബോധവത്കരണത്തിനും പാവപ്പെട്ടവർക്കു ചികിത്സാസൗകര്യമൊരുക്കുന്നതിനും മുന്നിട്ടിറങ്ങി. ഡോ. വി.പി. ഗംഗാധരനെപ്പോലുള്ള ഭിഷഗ്വരന്മാർ പദ്ധതിക്ക് മാർഗനിർദേശകരായി. സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ പിന്തുണയും ആശംസയുമായെത്തി. ആദ്യവർഷം മേളം ചാരിറ്റബിൾ ട്രസ്റ്റ് പദ്ധതിയിൽ പങ്കാളിയായിരുന്നു. മെഡിമിക്സും വേൾഡ് മലയാളി കൗൺസിലും പങ്കാളികളാകുന്ന ക്യാപ് @കാന്പസ് പദ്ധതിയുടെ സെക്കൻഡ് എഡിഷൻ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ നിർവഹിച്ചു.
കാൻസർ ബോധവത്കരണത്തിനായി കഴിഞ്ഞ വർഷം സംസ്ഥാനത്തെ അഞ്ഞൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാപ് @കാന്പസ് വിപുലമായ പരിപാടികൾ നടപ്പാക്കി. ഈ പ്രതികരണത്തിൽനിന്ന് ഊർജം നേടിക്കൊണ്ടാണ് രണ്ടാം എഡിഷന്റെ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഒരു കൈപ്പുസ്തകം തയാറാക്കിയിട്ടുണ്ട്. അതിന്റെ പ്രകാശനവും മഞ്ജുവാര്യർ നിർവഹിച്ചു. സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ സ്കൂൾ, കോളജ് വിദ്യാർഥികളാണ് ഈ പദ്ധതിയിൽ ഭാഗഭാക്കാകുന്നത്. പദ്ധതിയുടെ ഭാഗമായി മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ വനിതാ കലാലയങ്ങളിലും സ്കൂളുകളിലും ബ്രസ്റ്റ് കാൻസർ ബോധവത്കരണവും രോഗനിർണയ ക്യാന്പും നടത്തുന്നു. വിദഗ്ധ ഡോക്ടർമാരും പരിശീലകരുമാണ് ഈ പരിപാടികൾക്കു നേതൃത്വം നൽകുന്നത്.
കാൻസർ രോഗികൾക്കായുള്ള കാരുണ്യനിധി രൂപീകരണം, കാൻസർ ബോധവത്കരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനതല മത്സരം, പ്രതിജ്ഞ, മ്യൂസിക്കൽ ഫ്ലാഷ് മോബ്, മുടി ദാന-വിഗ് ദാന ക്യാന്പുകൾ തുടങ്ങി ഏഴു വ്യത്യസ്ത പരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂൾ, കോളജ് കുട്ടികൾ ഇതിൽ ആവേശത്തോടെ പങ്കെടുക്കുന്നു. വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി കുട്ടികളുടെ ഭാവനാശേഷി ഉണർത്തി കാൻസർ ബോധവത്കരണത്തിന് ഉപകരിക്കുന്ന ആൽബം തയാറാക്കുന്ന മത്സരവും സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്നു. വിവിധ ഭാഗങ്ങളിലായി ലക്ഷം രൂപയുടെ സമ്മാനമാണ് നൽകുന്നത്.
ആദ്യഘട്ടത്തിൽ ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനുമായി ചേർന്നു നടത്തിയ പരിപാടികൾക്കു കിട്ടിയ അഭൂതപൂർവമായ പിന്തുണയും സഹകരണവുമാണു സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ദീപികയെയും സർഗക്ഷേത്രയേയും രണ്ടാം ഘട്ടത്തിൽ കൂടുതൽ ക്രിയാത്മകമായ പരിപാടികളുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചത്. മെഡിമിക്സ് ഗ്രൂപ്പും വേൾഡ് മലയാളി കൗൺസിലും ഇതിനു പിന്തുണയുമായി രംഗത്തുണ്ട്. കുട്ടികളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്ന നൂതന പരിപാടികളാണ് രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കാൻസർ രോഗികളോടൊപ്പം ഒരു മണിക്കൂറെങ്കിലും ചെലവഴിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്ന പരിപാടി നടപ്പാക്കും. രോഗബാധിതരോടൊപ്പം കൂട്ടിരിപ്പുകാരായി ഏതാനും സമയം ചെലവഴിക്കാൻ കുട്ടികളെ തയാറാക്കുന്നതിലൂടെ രോഗികളോടും അഗതികളോടുമുള്ള അവരുടെ മനോഭാവത്തിലും മാറ്റമുണ്ടാകും. കൂട്ടുകുടുംബ പശ്ചാത്തലത്തിൽനിന്നും അണുകുടുംബങ്ങളിലേക്കുള്ള പ്രയാണത്തിൽ വീട്ടിൽത്തന്നെയുള്ള പ്രായമായവരുടെയും രോഗികളുടെയും സാമീപ്യം നഷ്ടപ്പെട്ടപ്പോൾ ഇത്തരമാളുകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പുതുതലമുറയിലെ കുട്ടികൾക്കു വേണ്ടത്ര അറിവില്ലാതായി. തങ്ങളുടെ കൗമാരത്തിന്റെയും യൗവനത്തിന്റെയും ഊർജം ചുറ്റുപാടുമുള്ളവർക്കു നന്മ ചെയ്യാനും കഴിയുന്നത്ര സഹായം എത്തിക്കാനുമുള്ളതാണെന്ന തോന്നൽ കൂട്ടിരിപ്പു പദ്ധതിയിലൂടെ കുട്ടികളിലുണ്ടാവും. തെരുവിൽ സമരം നയിക്കാനും നവമാധ്യമങ്ങളിൽ മണിക്കൂറുകൾ ചെലവഴിക്കാനും സമയം കണ്ടെത്തുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്ന യുവതലമുറയ്ക്ക് ഇത്തരം ചില സാമൂഹ്യ പാഠങ്ങൾ പകർന്നു നൽകുകയാണ് ക്യാപ് @കാന്പസ്.
കാൻസർ കാരുണ്യനിധി കുട്ടികളിൽ പങ്കുവയ്ക്കലിനുള്ള പ്രേരണ പകർന്നു നൽകുന്നു. ജങ്ക് ഫുഡിനും ഐസ്ക്രീമിനുമൊക്കെയായി ഏറെ പണം ചെലവഴിക്കാൻ മടികാട്ടാത്ത കുട്ടികളിലേക്ക് അതിലൊന്ന് ഒരിക്കലെങ്കിലും വേണ്ടെന്നു വച്ച് ആ പണം പാവപ്പെട്ട കാൻസർ രോഗികളുടെ ചികിത്സയ്ക്കായി നീക്കിവയ്ക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ സഹാനുഭൂതിയുടെയും മാനവികതയുടെയും വലിയ സന്ദേശമാണു പകർന്നു നൽകുന്നത്. തങ്ങൾക്കു കിട്ടുന്ന പോക്കറ്റ് മണിയിൽനിന്നും ത്യാഗം സഹിച്ചു മാറ്റിവയ്ക്കുന്ന ചെറിയ തുക രോഗപീഡകളിൽ വേദനിക്കുന്ന ഒരാളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുമെന്ന ചിന്തപോലും കുട്ടികളിൽ പുതിയൊരു ഊർജം പ്രദാനം ചെയ്യും.
ഏഴു വ്യത്യസ്ത പദ്ധതികളിലൂടെയാണ് ക്യാപ് @ കാന്പസ് സന്ദേശം സമൂഹത്തിലെത്തിക്കാൻ ശ്രമിക്കുന്നത്. കൃത്യമായ പദ്ധതികൾ, ലക്ഷ്യബോധമുള്ള പ്രവർത്തകർ, സമർഥമായ നേതൃത്വം എന്നിവയോടൊപ്പം ഉദാരമായ പിന്തുണ നൽകുന്ന മെഡിമിക്സും വേൾഡ് മലയാളി കൗൺസിലും പോലുള്ള പ്രസ്ഥാനങ്ങളും സർഗക്ഷേത്രയും പദ്ധതികളുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നു. കാൻസർ വിമുക്തമായൊരു കേരളത്തിനായുള്ള ഈ മഹായജ്ഞത്തിന്റെ തുടർപ്രവർത്തനങ്ങളിൽ ദീപികയോടൊപ്പം അഭിമാനപൂർവം പങ്കാളികളാകാം.