കാണിക്ക എണ്ണാന്‍ അത്യാധുനിക യന്ത്രങ്ങള്‍
Sunday, November 26, 2017 2:07 AM IST
ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന കാണിക്ക എണ്ണാന്‍ 14 മെഷീനുകളാണ് ഭണ്ഡാരത്തില് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത 30 ലക്ഷം രൂപയുടെ രണ്ട് മെഷീനകളും 15 ലക്ഷം രൂപയുടെ രണ്ട് മെഷീനുകളും ഇതിൽ ഉള്‍പ്പെടുന്നു. ദേവസ്വം ജീവനക്കാര്‍ എണ്ണിയ നോട്ടുകള്‍ ഈ മെഷീനുകള്‍ ഉപയോഗിച്ചാണ് ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥര്‍ വീണ്ടും തിട്ടപ്പെടുത്തി രേഖപ്പെടുത്തുന്നത്. ദേവസ്വം ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ പ്രാഥമികമായി തിട്ടപ്പെടുത്താന്‍ ആറ് നോട്ടെണ്ണല്‍ മെഷീനുകള്‍ ഉപയോഗിക്കുന്നു. നാണയമെണ്ണാന്‍ നാല് മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഭണ്ഡാരത്തിലെത്തുന്ന നോട്ടുകളുടെ ചുളിവുകള്‍ നിവര്‍ത്തുക, നാണയങ്ങള്‍ അവയുടെ മൂല്യമനുസരിച്ച് തരംതിരിക്കുക എന്നീ ജോലികള്‍ ഒഴികെ ബാക്കിയെല്ലാം യന്ത്ര സഹായത്തോടെയാണ് ചെയ്യുന്നത്. ചുളിവുകള്‍ നിവര്‍ത്തിയ നോട്ടുകള്‍ മൂല്യമനുസരിച്ച് തരംതിരിച്ച് മെഷീന്റെ സഹായത്തോടെ നൂറിന്റെ കെട്ടുകളാക്കുന്നു. ഇത് വിദേശ നിര്‍മിത യന്ത്രത്തില്‍ വീണ്ടുമെണ്ണി കള്ളനോട്ടുകള്‍ ഒഴിവാക്കി ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റുന്നു.10 കോടി രൂപയുടെ യൂണിറ്റ് പൂര്‍ത്തിയാകുമ്പോള്‍ അത് ബാങ്കിന്റെ തൃശൂരിലെ ആസ്ഥാനത്തേക്ക് മാറ്റും. നാണയങ്ങള്‍ മൂല്യമനുസരിച്ച് തരംതിരിച്ച് മെഷീനിലെ ഫണലില്‍ ഇടുന്നു. മെഷീനിലുള്ള ആറു പാത്രങ്ങളില്‍ 2000 എണ്ണം വീതമായി ഇത് മാറ്റപ്പെടുന്നു.
നടവരവില്‍ 12 ശതമാനം നാണയം
ശബരിമലയിലെ നടവരവില്‍ 12 ശതമാനത്തോളം എത്തുന്നത് നാണയരൂപത്തില്‍. 14 ശതമാനം ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഡിജിറ്റല്‍ രൂപത്തിലുമാണ്. ബാക്കി 74 ശതമാനത്തോളം പണമാണ് നോട്ടുകളായി എത്തുന്നത്. കാണിക്കയായും മറ്റും എത്തുന്ന നാണയങ്ങള്‍ ബാങ്കില്‍ നിന്ന് വാങ്ങാന്‍ കാത്തിരിക്കുന്നത് വന്‍കിട റസ്റ്ററന്റ് ചെയ്നുകള്‍, ടോള്‍ ബൂത്ത് കളക്ഷന്‍ സ്ഥാപനങ്ങള്‍, ടെക്സ്റ്റൈല്‍ ചെയ്നുകള്‍ മുതലായവയാണ്.