നെടുമ്പാശേരി വിമാനത്താവളത്തിൽ ശബരിമല ഇന്‍ഫർമേഷൻ സെന്റർ
Monday, November 27, 2017 8:25 AM IST
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എറണാകുളം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ തുറന്നു. കൊച്ചി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെര്‍മിനലില്‍ ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കൗണ്ടര്‍ ബോര്‍ഡിന് വേണ്ടി ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നത്.
ആഭ്യന്തര ടെര്‍മിനലിന്റെ ആഗമന ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എറണാകുളം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുക, അപ്പംഅരവണ, അഭിഷേക കൂപ്പണുകള്‍ നല്‍കുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. വിമാനത്താവളങ്ങളില്‍ നിന്ന് ലഭിക്കുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് ഭക്തര്‍ക്ക് സന്നിധാനത്തെത്തി ക്യൂ നില്‍ക്കാതെ അപ്പം, അരവണ എന്നീ പ്രസാദങ്ങള്‍ വാങ്ങുകയും നെയ്യഭിഷേകം നടത്തുകയും ചെയ്യാമെന്ന് മെംബര്‍ കെ.പി. ശങ്കരദാസ് പറഞ്ഞു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് പമ്പ, എരുമേലി എന്നിവിടങ്ങളിലേയ്ക്ക് പ്രീപെയ്ഡ് ടാക്സി സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
സിഐഎഎല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.എം. ഷബീര്‍, എച്ച്.ആര്. ഹെഡ് ജയരാജന്, സിഐഎസ്എഫ് സീനിയര്‍ കമാൻഡന്റ് എം. ശശികാന്ത്, ധനലക്ഷ്മി ബാങ്ക് എജിഎം ആന്‍ഡ് റീജിയണല്‍ ഹെഡ് രാജേഷ് പുരുഷോത്തമന്, ബാങ്ക് മാനേജര്‍ മാര്‍ഷല്‍ വര്‍ഗീസ്, ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.കെ. ഷാജി എന്നിവര്‍ പങ്കെടുത്തു.