തീർഥാടകരുടെ ആരോഗ്യ രക്ഷ ഉറപ്പാക്കാൻ സന്നിധാനത്ത് വിപുലമായ സൗകര്യങ്ങൾ
Monday, November 27, 2017 8:28 AM IST
അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആറ് പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രി സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമാണ്.
പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലും ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഡോ.ജി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ രണ്ട് കാര്‍ഡിയോളജിസ്റ്റുകളുള്‍പ്പെടെ 10 ഡോക്ടര്‍മാരുടെ സേവനം ഇവിടങ്ങളില്‍ ലഭ്യമാണ്. നാല് ഫാര്‍മസിസ്റ്റ്, ഒരു സ്റ്റോര്‍കീപ്പര്‍, ആറ് നഴ്സുമാര്‍ എന്നിവരടങ്ങിയ സംഘം അയ്യപ്പന്മാരുടെ ആരോഗ്യത്തിനായി സദാ കർമനിരതമായുണ്ട്.
പ്രഥമ ശുശ്രൂഷയ്ക്ക് 15 എമര്‍ജന്‍സി സെന്ററുകള്‍
പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുന്ന ഇവിടെ പരിശീലനം സിദ്ധിച്ച നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെയും അയ്യപ്പസേവാ സംഘം വോളണ്ടിയര്‍മാരുടെയും സേവനം ലഭിക്കും. അസുഖം ബാധിക്കുന്ന അയ്യപ്പന്മാര്ക്ക് ഈ സെന്ററുകളില്‍ അടിയന്തര വൈദ്യസഹായം നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും. ഓരോ സെന്ററിലും നാലുപേരടങ്ങുന്ന സംഘം വീതം രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം നല്‍കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടാല്‍ അടിയന്തര ചികിത്സയ്ക്കായി ആറ് സെന്ററുകളില്‍ ആട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ (എഇഡി) മെഷിനും ലഭ്യമാണ്.
അസുഖം ഗുരുതരമാകുന്നര്‍ക്കായി ആംബുലന്‍സ് സൗകര്യവും
സന്നിധാനത്തു ഗുരുതരമായ രീതിയില്‍ അസുഖം മൂര്‍ച്ഛിക്കുന്നവരെ പെട്ടെന്ന് പമ്പയില്‍ എത്തിക്കാന്‍ സന്നിധാനത്തെ ആശുപത്രിയില്‍ ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സില്‍ സ്ട്രെച്ചറും, ഓട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ അടക്കമുളള സൗകര്യങ്ങളും ഉണ്ട്.