വനംവകുപ്പിന്റെ ധാർഷ്ട്യം: കെഎസ്ആർടിസി സർവീസ് കുളമാകാൻ സാധ്യത
Wednesday, November 29, 2017 7:17 AM IST
വനംവകുപ്പിന്റെ ധാർഷ്ട്യം നിമിത്തം പന്പയിലെ കെഎസ്ആർടിസി സർവീസ് കുളമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയതായി സൂചന. ശബരിമലയിൽ തിരക്ക് കൂടുന്നതനുസരിച്ച് കെഎസ്ആർടിസി കരുതലായിട്ട് ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലം വനംവകുപ്പ് നൽകാതിരുന്നതാണ് സർവീസ് കുഴപ്പത്തിലാകാൻ കാരണമെന്നു പറയപ്പെടുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ചീഫ് കോ-ഓർഡിനേറ്ററും എഡിജിപിയുമായ സുധീഷ്കുമാർ പന്പയിലെ കെഎസ്ആർടിസി പരിസരം സന്ദർശിച്ചിരുന്നു. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ബസുകൾ കെഎസ്ആർടിസി കരുതലായിട്ട് ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് വനംവകുപ്പ് ഇക്കുറി ചെടികൾ നട്ടിരിക്കുകയാണ്. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ബോധപൂർവമായിട്ടാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നാണ് കെഎസ്ആർടിസി കുറ്റപ്പെടുത്തിയിരിക്കുന്നത്.
പന്പയിൽ കെഎസ്ആർടിസിയുടെ കാന്റീൻ പ്രവർത്തിക്കുന്നതിനുള്ള അനുമതി പോലും ആദ്യഘട്ടത്തിൽ വനംവകുപ്പ് നല്കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം അനുമതി നല്കിയത്. തീർഥാടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതോടുകൂടി ഇതരസംസ്ഥാനത്തുനിന്നുൾപ്പെടെ തിരക്ക് വർധിച്ചിരിക്കുകയാണ്. ഡിസംബർ ആദ്യവാരം മുതൽ കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നുള്ള ബസുകൾ പന്പയിലേക്ക് സർവീസ് ആരംഭിക്കും. റോഡിലാണിപ്പോൾ കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗത തടസം ഉണ്ടാക്കുമെന്നും തീർഥാടനത്തെയാകെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നല്കിയിരിക്കുന്നത്.