അന്നദാനമണ്ഡപത്തിന് സമീപം കുടിവെള്ളവിതരണം ഏര്‍പ്പെടുത്തും
Monday, December 4, 2017 8:07 AM IST
അന്നദാന മണ്ഡപത്തിന് സമീപം ശുദ്ധജല കിയോസ്ക് സ്ഥാപിക്കാന്‍ ജല അഥോറിറ്റിയോട് ആവശ്യപ്പെടാനും പുതുതായി വാങ്ങുന്ന ബയോ യൂറിനില്‍ സംവിധാനങ്ങള്‍ രണ്ടെണ്ണം ട്രാക്ടര്‍ റോഡില്‍ സ്ഥാപിക്കാനും ദേവസ്വം ബോര്‍ഡ് സ്പെഷല്‍ ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ ധാരണയായി.
കഴിഞ്ഞ ഒരാഴ്ചയായി സന്നിധാനത്ത് നടത്തിവന്ന പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും യോഗം ചര്‍ച്ച ചെയ്തു. ദേവസ്വം ബോർഡംഗം കെ. രാഘവന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. അന്നദാന മണ്ഡപത്തിലെ ലിഫ്റ്റ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാകും. വലിയ തിരക്കുണ്ടെങ്കില് മാത്രം അന്നദാനമണ്ഡപത്തില്‍ ക്യൂ സംവിധാനം മതിയെന്ന് യോഗം സ്പെഷല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
താത്കാലിക തൊഴിലാളികളുടെ അഭാവം ഉടന്‍ പരിഹരിക്കണമെന്ന് യോഗം എക്സിക്യൂട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടു. ഔഷധകുടിവെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയുന്നുണ്ടെന്നും യോഗം വിലയിരുത്തി. കുടുതല്‍പേരെ കുടിവെള്ള വിതരണത്തിന് നിയോഗിക്കും. പെട്ടെന്ന് പെയ്ത മഴ അഴുക്കുചാല്‍ സംവിധാനത്തെ ബാധിച്ചെങ്കിലും തൊഴിലാളികളെ പരമാവധി ഉപയോഗപ്പെടുത്തി പ്രശ്നം പരിഹരിക്കാന്‍ സാധിച്ചതായി മരാമത്ത് വിഭാഗം യോഗത്തെ അറിയിച്ചു. കൂടുതല്‍ പണിയായുധങ്ങള്‍ മലകയറ്റി കൊണ്ടുവരാന്‍ സുരക്ഷാസംവിധാനങ്ങള്‍ തടസമാകുന്നതും പണിക്കാരുടെ കാര്യം ബുദ്ധിമുട്ടാകുന്നുണ്ടെങ്കിലും ഉള്ളവരെ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് സ്പെഷല്‍ ഓഫീസര്‍ അറിയിച്ചു. നടവരവായി ലഭിക്കുന്ന അരി കരാറുകാരനെക്കൊണ്ട് പെട്ടെന്ന് നീക്കം ചെയ്യും. അരവണയും അപ്പവും സൂക്ഷിക്കാന്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കും. പുസ്തകശാലയുടെ പ്രവര്‍ത്തനം കൂറച്ചുകൂടെ മെച്ചപ്പെടുത്തും. എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്, ഫെസ്റ്റിവല്‍ ഓഫീസര്‍ വിനോദ് എന്നിവരും യോഗത്തില്‍ പ്രസംഗിച്ചു.