മണ്ഡലകാല തീർഥാടനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ 26ന്
Monday, December 4, 2017 8:11 AM IST
മണ്ഡലകാല തീർഥാടനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ 26-നു നടക്കും. ഉച്ചയ്ക്ക് 12-നും 1.15-നും മധ്യേയുള്ള ഉച്ചപൂജയാണ് മണ്ഡലപൂജയായി നടക്കുന്നത്. കളഭാഭിഷേകത്തിനു ശേഷമാണ് ആറന്മുള പാർഥസാരഥി ക്ഷേത്രമതിലകത്തുനിന്ന് ആഘോഷപൂർവം കൊണ്ടുവരുന്ന തങ്കഅങ്കി അയ്യപ്പസ്വാമിക്കു ചാർത്തി ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി എ.വി.ഉണ്ണികൃഷ്ണൻ നന്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് പൂജ നടക്കുന്നത്. തിരുവിതാംകൂർ മഹാരാജാവ് ശബരിമല ക്ഷേത്രത്തിൽ നടയ്ക്കുവച്ചതാണ് തങ്കഅങ്കി.
ആറന്മുള പാർഥസാരഥി ക്ഷേത്രമതിലകത്തെ സ്റ്റോർ റൂമിൽ സൂക്ഷിക്കുന്ന തങ്കഅങ്കി 22-നു രാവിലെ ഏഴിന് ശബരിമലയിലേക്കു പുറപ്പെടും. 25-ന് ഉച്ചയ്ക്ക് പന്പയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വംബോർഡ് ഉദ്യോഗസ്ഥർ സ്വീകരിക്കും. വൈകുന്നേരം 5.30-ന് ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ സന്നിധാനം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.എൻ.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം പ്രവർത്തകരും സ്വീകരിച്ച് പതിനെട്ടാംപടിക്കു മുകളിലെത്തിക്കും. ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ, മെംബർമാരായ കെ.രാഘവൻ, കെ.പി.ശങ്കർദാസ് എന്നിവർ തങ്കഅങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനു മുന്നിൽ എത്തിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്നു വാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. മണ്ഡലപൂജ കഴിഞ്ഞ് 26-നു രാത്രി പത്തിന് ക്ഷേത്രനട അടയ്ക്കും.