ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി വിവിധ പദ്ധതികൾ
Wednesday, December 6, 2017 8:49 AM IST
ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ഏറ്റവും മുന്തിയ പരിഗണനയാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. പമ്പയില്‍ നിന്നും സന്നിധാനംവരെ മുന്‍വര്‍ഷം നാല് ഇഎംസി കേന്ദ്രങ്ങള്‍ അഥവാ എമര്‍ജന്‍സി കം ഓക്സിജന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഈവര്‍ഷം അത് 15 എണ്ണമാണ്. നാല് വീതം സ്റ്റാഫിനെയാണ് ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്. മലകയറ്റിത്തിനിടെ ക്ഷീണം തോന്നുമ്പോള്‍ ഭക്തര്‍ക്ക് ഇഎംസി കേന്ദ്രങ്ങളുടെ കേന്ദ്രങ്ങളുടെ സഹായം തേടാമെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും ചാര്‍ജ് ഓഫീസര്‍ ഡോ. ജിതേഷ് അറിയിച്ചു.
ഹോമിയോവകുപ്പ്
ഹോമിയോവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യപരിപാലന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശബരിമല തീര്‍ഥാടകരില്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നു. സന്നിധാനത്തും പമ്പയിലും മണ്ഡലമകരവിളക്ക് കാലയളവിലും വിഷു ഉത്സവകാലത്തുമാണ് ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
വര്‍ഷങ്ങളായി ഹോമിയോ ചികിത്സ തുടര്‍ന്നുവരുന്ന തീര്‍ഥാടകര്‍ക്കും ഈ ഡിസ്പെന്‍സറികള്‍ അനുഗ്രഹമാണ്. ശബരി ലയില്‍ എത്തിയ ശേഷമുണ്ടാകുന്ന ശ്വാസം മുട്ടല്‍ ചുമ, തൊണ്ട വേദന, അലര്‍ജി സംബന്ധമായ രോഗങ്ങള്‍ ,പേശിവലിവ്, ഉദര സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കാണ് അയ്യപ്പ ഭക്തര്‍ പ്രധാനമായും ഹോമിയോ ചികില്‍സാ കേന്ദ്രത്തില്‍ എത്തുന്നത്. ഇതരസംസ്ഥാനത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉപകാരപ്പെടുംവിധം വിവിധഭാഷകളിലുള്ള ബോര്‍ഡും സന്നിധാനം ഡിസ്പെന്‍സറിയ്ക്ക് മുന്പില് സ്ഥാപിച്ചിട്ടുണ്ട്. ദിവസേന മൂന്നൂറിലധികം തീര്‍ഥാടകര്‍ ഈ കേന്ദ്രത്തിന്റെ സേവനം തേടുന്നുണ്ട്.
ആയുര്‍വേദവകുപ്പ്
ദര്‍ശനത്തിനെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം. സന്നിധാനത്തും പമ്പയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പെന്സറിയില് അഞ്ച് ഡോക്ടര്‍മാരും മൂന്ന് ഫാര്‍മസിസ്റ്റുകളും രണ്ട് തെറാപ്പിസ്റ്റുകളും രണ്ട് അറ്റന്‍ഡര്‍മാരും സേവന സന്നദ്ധരായുണ്ട്. എരുമേലിയില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്. ഉഴിച്ചില്‍, പിഴിച്ചില്‍ ചികിത്സയും അലര്‍ജി, നടുവേദന, മുട്ടുവേദന, പേശിവേദന, കഫക്കെട്ട് തുടങ്ങിയവയ്ക്ക് മികച്ച മരുന്നുകളും ആവിപിടിക്കാനുള്ള സംവിധാനവും എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.