ശബരിമല കനത്ത സുരക്ഷാവലയത്തിൽ
Wednesday, December 6, 2017 8:51 AM IST
തിരക്കൊഴിഞ്ഞ ശാന്തമായ അന്തരീക്ഷമാണ് ശബരിമലയിലും പന്പയിലും. ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ഇന്ന് സന്നിധാനത്തും പന്പയിലും ഒരുക്കിയിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സേനകൾ ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളോട് പൂർണമായും സഹകരിക്കുകയാണ് തീർഥാടകർ.
പോലീസിന്റെ അറിയിപ്പുകൾക്ക് അനുസരിച്ചാണ് തീർഥാടകർ സന്നിധാനത്തും പന്പയിലും പെരുമാറുന്നത്. മണ്ഡല ഉത്സവത്തിന് ക്ഷേത്രനട തുറന്നതിനുശേഷം ഏറ്റവും കൂടുതൽ തീർഥാടകർ പോലീസ് ഹോട്ട് ലൈനിലൂടെ ദർശനത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നതും ഇന്നാണ്. ഏതാണ്ട് 30,000 പേരാണ് രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. ഇതിൽ 70 ശതമാനം ആളുകൾ എത്തുമെന്നാണ് പോലീസ് കരുതുന്നത്.
സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് പന്പയിലും നിലയ്ക്കലിലും പോലീസ് അതീവ ജാഗ്രതയിലാണ്. പന്പ ഗണപതികോവിലിനു സമീപം തീർഥാടകരുടെ ബാഗുകളും മറ്റും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതിനുശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. പരന്പരാഗത പാതയായ എരുമേലിയിൽനിന്നു സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരെ പോലീസ് പരിശോധിക്കുന്നുണ്ട്.
വലിയാനവട്ടത്തും ചെറിയാനവട്ടത്തുമുള്ള പോലീസിന്റെ പരിശോധനയ്ക്കുശേഷമാണ് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ശബരിമലയിലെയും പന്പയിലെയും സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ സന്നിധാനത്തുണ്ട്. എല്ലാ സ്ഥലങ്ങളിലും പോലീസ് ജാഗരൂകരായി നിലയുറപ്പിച്ചിരിക്കുകയാണ്. പ്രസാദ വിതരണ കേന്ദ്രങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്.