സന്നിധാനത്തേക്ക് ചരക്കുകൾ കൊണ്ടുപോകുന്ന ട്രാക്ടറുകൾക്ക് നിയന്ത്രണം
Thursday, December 7, 2017 8:57 AM IST
പന്പയിൽനിന്ന് സന്നിധാനത്തേക്ക് ചരക്കുകൾ കൊണ്ടുപോകുന്ന ട്രാക്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സന്നിധാനത്തെ വഴിപാട് പ്രസാദം ഉത്പാദനകേന്ദ്രങ്ങളെയും അന്നദാന മണ്ഡപങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അരവണ, ഉണ്ണിയപ്പം തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിന് പ്രതിദിനം 50,000 കിലോ ശർക്കര വേണം. 2800 കിലോ തൂക്കം വരുന്ന 20 ലോഡ് ശർക്കര സന്നിധാനത്ത് ലഭിച്ചാൽ മാത്രമേ അരവണ ഉത്പാദനം സുഗമമായി നടക്കുകയുള്ളൂ. ശർക്കരയോടൊപ്പം അനുബന്ധസാധനങ്ങളായ ഏലക്കായ്, ഉണക്കലരി, കൽക്കണ്ടം, മുന്തിരിങ്ങ തുടങ്ങിയവയും അന്നദാന കേന്ദ്രത്തിലേക്ക് ആവശ്യമായ അരിയും പലവ്യഞ്ചന-പച്ചക്കറി സാധനങ്ങളും ട്രാക്ടറിലാണ് എത്തുന്നത്.
തീർഥാടനം ആരംഭിച്ചപ്പോൾ കരുതൽ ശേഖരമായി ഏഴുലക്ഷം കിലോ ശർക്കരയാണുണ്ടായിരുന്നത്. ഇപ്പോഴത് ഒന്നേകാൽ ലക്ഷം കിലോയായി കുറഞ്ഞിരിക്കുയാണ്. പുലർച്ചെയും ഉച്ചയ്ക്കും 12 മുതൽ ഒന്നുവരെയുള്ള സമയത്തു മാത്രമേ ട്രാക്ടറുകൾ ഓടിക്കാൻ കോടതി അനുമതി നൽകിയിട്ടുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ശബരിമലയിലേക്ക് ആവശ്യമായ സാധനങ്ങൾ ഒന്നുംതന്നെ പൂർണമായി എത്തിക്കാൻ കഴിയില്ല.
ഈ സാഹചര്യം തുടർന്നാൽ മകരവിളക്ക് കാലത്ത് തീർഥാടനത്തിന്റെ ശോഭ മങ്ങാൻ സാധ്യതയുണ്ടെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നു.സ്പെഷൽ കമ്മീഷണർ മുഖാന്തിരം ട്രാക്ടർ ഓടിക്കാനുള്ള സമയം കൂടുതലായി വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉന്നത ദേവസ്വം ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോടു പറഞ്ഞു.